SHARE

ബംഗ്ലാദേശി ക്ലബ് അബാഹാനി ധാക്കയ്‌ക്കെതിരെ നടന്ന എ എഫ് സി കപ്പ് മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിക്ക് തോല്‍വി. ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെന്നെെയിന്‍റെ തോൽവി. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും സി കെ വിനിതും ഗോളടിച്ചതാണ് മത്സരത്തിന്റെ പ്രത്യേകത. ബെല്‍ഫോര്‍ട്ട് അബാഹാനിക്ക് വേണ്ടിയും വിനീത് ചെന്നൈയിന്‍ എഫ് സിക്ക് വേണ്ടിയുമാണ് ഗോള്‍ നേടിയത്.

കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ സി കെ വിനീത് സൂപ്പര്‍ മച്ചാന്‍സിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ മേല്‍ക്കോയ്മ നേടാനും ചെന്നൈയിന് കഴിഞ്ഞു. എന്നാല്‍ 69ാം മിനുട്ടില്‍ ബെല്‍ഫോര്‍ട്ട് ധാക്കയെ ഒപ്പമെത്തിച്ചു. അഞ്ചു മിനുട്ടിന് ശേഷം മസീഹ് സൈഗാനി ബംഗ്ലാദേശി ക്ലബിന് ലീഡ് നല്‍കി. 74ാം മിനുട്ടില്‍ ഐസക്ക് വന്‍മല്‍സാവ്മ നേടിയ ഗോളില്‍ ചെന്നൈയിന്‍ ഒപ്പം പിടിച്ചു. എന്നാല്‍ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനുട്ട് ശേഷിക്കേ മമൂനുല്‍ ഇസ്ലാം അബാഹാനിയുടെ വിജയ ഗോള്‍ ചെന്നൈയിന്‍ ഗോള്‍ വലയിലാക്കുകയായിരുന്നു.