SHARE

പലസ്തീൻ മുന്നേറ്റനിര താരം കാർലോസ് സലോമിനെ ചെന്നൈയൻ എഫ്.സി ടീമിലെത്തിച്ചു. തായ്ലൻഡിലെ ബാങ്കോക്ക് യുണൈറ്റഡിൽ നിന്നാണ് അർജന്റൈൻ വംശജനായ പലസ്തീൻ താരം ഇന്ത്യൻ സൂപ്പർ ലീ​ഗിലേക്കെത്തുന്നത്.

സ്പെയിൻ, അർജന്റീന, പെറു,ചിലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലായി ദീർഘനാൾ കളിച്ചുപരിചയമുണ്ട് 31- കാരനായ സലോമിന്. അർജന്റീനയിലാണ് ജനിച്ചതെങ്കിലും പൂർവികരുടെ നാടായ പലസ്തീന് വേണ്ടി കളിക്കാനാണ് സലോം തീരുമാനിച്ചത്. പലസ്തീൻ ദേശീയ ടീമിനായി ഒരു മത്സരം മാത്രമാണ് സലോം കളിച്ചത്. 2016-ൽ തജിക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ സലോം ​ഗോളും നേടിയിരുന്നു.

2017-ൽ മെക്സിക്കോയിലെ പ്യൂബ്ല ക്ലബിൽ കളിക്കുമ്പോൾ വിവാദം അഴിച്ചുവിട്ട സംഭവത്തിനും സലോം കാരണക്കാരനായി. അന്ന് മെക്സിക്കോയിലുണ്ടായ വൻ ഭൂകമ്പത്തിൽ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായി. ഇതിനിടയിലാണ് താൻ മെക്സിക്കോയിൽ കളിക്കാനാ​ഗ്രഹിച്ചിരുന്നില്ലെന്നും ഏജന്റിന്റെ നിർബന്ധപ്രകാരമെത്തിയതാണെന്നും സലോം പറഞ്ഞു. ഇത് വ്യപകപ്രതിഷേധത്തിന് വഴിവെച്ചു. ഒടുവിൽ സലോമിന് മാപ്പ് പറയേണ്ടി വന്നു.