SHARE

കൊച്ചി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സും ചെന്നൈയനും ഏറ്റുമുട്ടുമ്പോള്‍ ഗാലറി മഞ്ഞക്കടലാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കളിക്കളത്തിലും മഞ്ഞക്കാര്‍ഡുകളില്‍ ആറാടിയവരാണ് നേര്‍ക്കുനേര്‍ വരുന്നതെന്ന കാര്യത്തിലും പ്രത്യേകതയുണ്ട്.

സീസണില്‍ ഏറ്റവുമധികം മഞ്ഞക്കാര്‍ഡ് കണ്ടവരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത് ബ്ലാസ്റ്റേഴ്‌സിലേയും ചെന്നൈയനിലേയും രണ്ട് താരങ്ങള്‍ വീതമാണ്. അതിലേറെ പ്രത്യേകത ആദ്യ മൂന്ന് സ്ഥാനങ്ങളും കൈയ്യടക്കിയിരിക്കുന്നത് രണ്ട് ടീമുകള്‍ ചേര്‍ന്നാണ്. 13 മത്സരങ്ങളില്‍ നിന്ന് എട്ട് മഞ്ഞക്കാര്‍ഡ് കണ്ട  ചെന്നൈയന്റെ മധ്യനിരതാരം ധന്‍പാല്‍ ഗണേഷാണ് ഒന്നാമത്.

14 മത്സരങ്ങളില്‍ നിന്ന് എട്ട് മഞ്ഞ കണ്ട ചെന്നൈയന്റെ താന്നെ ഹെന്റിക്ക് സെറേനോ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനം 12 മത്സരങ്ങളില്‍ നിന്ന് ഏഴ് മഞ്ഞക്കാര്‍ഡ് കണ്ട ബ്ലാസ്‌റ്റേഴ്‌സിന്റെ സെര്‍ബിയന്‍ താരം ലാകിച്ച് പെസിച്ചാണ്. പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് മഞ്ഞക്കാര്‍ഡാണ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗന്റ് സംഭാവന.

ആദ്യ പത്ത് സ്ഥാനത്തുള്ളവര്‍ ചേര്‍ന്ന് നേടിയത് 60 മഞ്ഞക്കാര്‍ഡാണ്.ഇതില്‍ തന്നെ 28 എണ്ണം  ബ്ലാസ്റ്റേഴ്‌സ് ചെന്നൈയന്‍ താരങ്ങള്‍ ചേര്‍ന്ന് നേടിയത്. നിര്‍ണായക മത്സരത്തില്‍ വീറും വാശിയുമായി ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ റഫറിമാര്‍ക്ക് പിടിപ്പത് പണിയുണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ബെംഗളുരുവിനെതിരെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അത് ബാധിക്കും.