SHARE

കഴിഞ്ഞ സീസണിലേറ്റ തിരിച്ചടി മറക്കാനാണ് ചെന്നൈയിൻ എഫ്സി ഇക്കുറി ഐഎസ്എല്ലിനെത്തുന്നത്. മോണ്ടെനെ​ഗ്രോയിൽ നിന്നുള്ള കർക്കശക്കാരനായ പരിശീലകൻ ബോസിഡൻ ബാൻഡോവിച്ചിന്റെ കീഴിലാണ് ചെന്നൈയിൻ ഒരുങ്ങുന്നത്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഹൈദരാബാദ് എഫ്സിയുമാണ് ചെന്നൈയിന്റെ ആദ്യ മത്സരം.

വലിയ മാറ്റങ്ങൾ വരുത്തിയ ടീമാണ് ഇക്കുറി ചെന്നൈയിന്റേത്. ക്ലബിന്റെ പ്രീ സീസണാകട്ടെ ഏതാണ്ട് ഒരു മാസം മാത്രമെ നീണ്ടുള്ളു. എങ്കിലും ആദ്യ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ തന്നെ വിജയമാണ് ചെന്നൈയിൻ പരിശീലകൻ ബാൻഡോവിച്ച് ലക്ഷ്യം വയ്ക്കുന്നത്. വിജയം നേടാനാകുമെങ്കിൽ ഏത് തന്ത്രവുമുപയോ​ഗിക്കാൻ താൻ തയ്യാറാണെന്നാണ് ബാൻഡോവിച്ച് പറഞ്ഞത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഞങ്ങളുടെ കരുത്തിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്, ഒപ്പം ഹൈദരാബാദിന്റെ ബലഹീനതകൾ മുതലെടുക്കാനും ശ്രമിക്കും, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം വിജയിക്കുക എന്നതാണ്, അതിനായി പല തന്ത്രങ്ങളും മുന്നിലുണ്ട്, അതിൽ ഏറ്റവും മികച്ചത് കണ്ടെത്താനാണ് എന്റെ ശ്രമം, ചിലപ്പോഴൊക്കെ ടീമുകളുടെ കളി മോശമായിരിക്കും, പക്ഷെ മത്സരഫലം വിജയമാകും, അത് തെളിയിക്കുന്നത് ആ ടീമിന്റെ സ്വഭാവമാണ്, ഏറ്റവും പ്രധാനം വിജയിക്കുക എന്നതാണ്, ബാൻഡോവിച്ച് പറഞ്ഞു.