ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സിയുടെ സൂപ്പർതാരം റാഫേൽ ക്രിവെല്ലറോ ടീമിനൊപ്പം പരിശീലനം തുടങ്ങി. ചൊവ്വാഴ്ച മുതലാണ് ഈ ബ്രസീലിയൻ പ്ലേമേക്കർ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയത്. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ഇക്കാര്യം ട്വീറ്റ് ചെയ്തു.
2019 -10 സീസൺ മുതൽ ചെന്നൈയിന്റെ ഭാഗമാണ് റാഫ. എന്നാൽ കഴിഞ്ഞ രണ്ട് സീസണും ഏതാണ്ട് പൂർണമായി തന്നെ ഈ താരത്തിന് പരുക്കിനെത്തുടർന്ന് നഷ്ടമായി. ഇക്കുറിയും ചെന്നൈയിൻ നിലനിർത്തിയ റാഫ, ഏറ്റവുമാദ്യം ടീമിനൊപ്പം ചേർന്നെങ്കിലും പരിശീലനം തുടങ്ങിയിരുന്നില്ല. താരത്തിന്റെ പരുക്ക് പൂർണമായി ഭേദമാകാതിരുന്നതിനാലാണിത്. പ്രീ സീസൺ മത്സരങ്ങളിലൊന്നും റാഫ കളിക്കാതിരുന്നതോടെ ആരാധകരും നിരാശയിലായിരുന്നു.
ഇതിനിടെ ചെന്നൈയിൻ ഒരു വിദേശസൈനിങ് കൂടി നടത്തി. ഇക്കാര്യം ഔദ്യോഗികമായ ക്ലബ് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പുതിയ വിദേശയെത്തുന്നതോടെ റാഫയെ ക്ലബ് റിലീസ് ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാലിപ്പോൾ റാഫ ടീമിനൊപ്പം പരിശീലനം തുടങ്ങിയതോടെ ആരാധകരും ആവേശത്തിലാണ്.