SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ തകർപ്പൻ പ്രകടനം ലക്ഷ്യമിടുന്ന ചെന്നൈയിൻ എഫ്സിക്ക് കനത്ത തിരിച്ചടിയായി സൂപ്പർതാരം റാഫേൽ ക്രിവെല്ലെറോയുടെ പരുക്ക്. കാലിന്റേ പേശിക്ക് പരുക്കേറ്റ ഈ ബ്രസീലിയൻ മിഡ്ഫീൽഡർ ഒരു മാസം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

പരുക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിനിടയ്ക്ക് ക്ലബ് വിട്ടെങ്കിലും ചെന്നൈയിൻ ഇക്കുറി നിലനിർത്തിയ ഏക വിദേശതാരമാണ് ക്രിവെല്ലെറോ. എന്നാൽ ഇക്കുറിയും പ്രീ സീസണിൽ ക്രിവെല്ലെറോയ്ക്ക് പരുക്കേറ്റു. ഇതോടെ പ്രീ സീസൺ മത്സരങ്ങളിലൊന്നും താരം കളിച്ചിരുന്നില്ല. പിന്നാലെ ഐഎസ്എൽ സീസണിലെ ഹൈദരബാദിനെതിരായ ചെന്നൈയിന്റെ ആദ്യ മത്സരത്തിലും ക്രിവെല്ലെറോ കളിച്ചില്ല. തുടർന്നാണിപ്പോൾ താരം ഒരുമാസം കൂടി പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് സ്ഥിരീകരിച്ചത്.

2019-ലാണ് ക്രിവെല്ലെറോ ചെന്നൈയിന്റെ ഭാ​ഗമാകുന്നത്. അക്കുറി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരം ചെന്നൈയിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. തുടർന്ന് കഴിഞ്ഞ സീസണിൽ ക്ലബ് ക്യാപ്റ്റനായാണ് ക്രിവെല്ലെറോയെത്തിയത്. എങ്കിലും സീസൺ തുടങ്ങി അധികം വൈകും മുമ്പ് തന്നെ കണ്ണങ്കാലിന് പരുക്കേറ്റ താരത്തിന് ബ്രസീലിലേക്ക് മടങ്ങേണ്ടിവന്നു.