SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യ മത്സരത്തിനായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ്സിക്ക് കനത്ത തിരിച്ചടിയായി രണ്ട് സൂപ്പർതാരങ്ങളുടെ പരുക്ക്. ബ്രസീലിയൻ പ്ലേമേക്കർ റാഫേൽ ക്രിവെല്ലെറോ, ഇന്ത്യൻ മിഡ്ഫീൽഡർ ജർമൻപ്രീത് സിങ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും നാളെ നടക്കുന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ കളിക്കില്ല. ക്ലബ് പരിശീലകൻ ബോസിഡർ ബാൻഡോവിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2019-ൽ ചെന്നൈയിനിലെത്തിയ ക്രിവെല്ലെറോ കഴിഞ്ഞ സീസണിൽ ക്ലബ് ക്യാപ്റ്റനായിരുന്നു. എന്നാൽ ആദ്യ കുറച്ച് മത്സരങ്ങൾക്ക് ശേഷം തന്നെ പരുക്കേറ്റ ക്രിവെല്ലെറോയ്ക്ക് പിന്നീട് സീസൺ നഷ്ടമായി. എന്നാൽ ഇക്കുറിയും ചെന്നൈയിൻ ക്രിവെല്ലെറോയെ നിലനിർത്തുകയായിരുന്നു. എന്നാൽ പ്രീ സീസൺ മത്സരങ്ങളിലൊന്നും താരം കളിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണിപ്പോൾ ആദ്യ മത്സരത്തിലും ക്രിവെല്ലെറോ കളിക്കില്ലന്ന് വ്യക്തമായത്.

ക്രിവെല്ലെറോയ്ക്ക് ഇപ്പോഴും നല്ല വേദന അനുഭവപ്പെടുന്നുണ്ട്, കൂടുതൽ പരിശോധനകൾ മെഡിക്കൽ സംഘം നടത്തും,രണ്ട് ദിവസം മുമ്പ് വരെ ക്രിവെല്ലെറോ പരിശീലനം നടത്തിയിരുന്നതാണ്, മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബാൻഡോവിച്ച് പറഞ്ഞു. ജർമൻപ്രീതും നാളത്തെ മത്സരത്തിനുണ്ടാകില്ലെന്നും ബാൻഡോവി്ച്ച് കൂട്ടിച്ചേർത്തു.