SHARE

കഴിഞ്ഞ 8 വർഷങ്ങളായി ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരങ്ങളിലൊന്നും ഗ്യാലറി നിറഞ്ഞിട്ടില്ല. ഈ കാലയളവിൽ നടന്ന മത്സരങ്ങളിലെല്ലാം സ്റ്റേഡിയത്തിലെ മൂന്ന് ഗ്യാലറി സ്റ്റാൻഡുകൾ ആളെ കയറ്റാതെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കോർപ്പറേഷനും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള പ്രശ്നങ്ങൾ മൂലമായിരുന്നു ഇത്. എന്നാൽ ഇപ്പോളിതാ ഈ പ്രശ്നങ്ങൾ രമ്യതയിലെത്തുന്നതിന്റെ സൂചനകൾ ലഭിച്ചതോടെ നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം അടച്ചിട്ടിരുന്ന ഈ മൂന്ന് ഗ്യാലറി സ്റ്റാൻഡുകൾ വീണ്ടും തുറക്കാൻ പോവുകയാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ.

ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലാകും കഴിഞ്ഞ എട്ട് വർഷങ്ങളായി അടച്ചിട്ടിരുന്ന ഗ്യാലറി സ്റ്റാൻഡുകൾ എം ചിദംബരം സ്റ്റേഡിയത്തിൽ കാണികൾക്കായി തുറന്ന് കൊടുക്കുക. വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ചെന്നൈയിൽ നടക്കാനിരിക്കുന്നത്. ഈ മത്സരത്തിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി അടച്ചിട്ടിരുന്ന ചിദംബരം സ്റ്റേഡിയത്തിന്റെ ഗ്യാലറിയിലെഐ, ജെ , കെ സ്റ്റാൻഡുകൾ തുറക്കുക. ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ് ഈ വാർത്ത സമ്മാനിക്കുന്നത്.