SHARE

പരിശീലകൻ മൗറീഷ്യോ സാരി ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് പോയതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഇം​ഗ്ലീഷ് ക്ലബ് ചെൽസി. കരാർ കാലാവധി രണ്ട് വർഷത്തേക്ക് കൂടിയുണ്ടായിട്ടും സാരിയെ ചെൽസി ക്ലബ് വിടാൻ അനുവദിക്കുകയായിരുന്നു. സാരിക്ക് പകരം ഇതിഹാസതാരം ഫ്രാങ്ക് ലാംപാർഡ് ചെൽസി പരിശീലകനായേക്കുമെന്നാണ് വാർത്തകൾ

കഴിഞ്ഞ സീസൺ തുടക്കത്തിലാണ് ഇറ്റാലിയൻ ക്ലബ് നാപ്പോളിയിൽ നിന്ന് സാരി ചെൽസിയിലെത്തിയത്. മികച്ച തുടക്കം കിട്ടിയശേഷം ഇടയ്ക്ക് ചെൽസിയുടെ പ്രകടനം മോശമായി. എന്നാൽ സീസൺ അവസാനമായപ്പോഴേക്കും മികവ് വീണ്ടെുക്കാൻ ചെൽസിക്കും സാരിക്കുമായി. ഇതോടെ ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യതയും യൂറോപ്പാ ലീ​ഗ് കിരീടവും ചെൽസി സ്വന്തമാക്കി. എന്നാൽ മാസിമില്യാനോ അല്ലെ​ഗ്രി ഒഴിഞ്ഞ സ്ഥാനത്തേക്ക് യുവന്റസ് സാരിയെ പരി​ഗണിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ചെൽസി സാരിയെ ക്ലബ് വിടാൻ അനുവദിച്ചു.

സാരി യുവന്റസിലേക്ക് ചേക്കേറിയതോടെ നിലവിൽ ഡെർബി കൗണ്ടി പരിശീലകൻ ലാംപാർഡിനെ ചെൽസിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പരിശീലകനെന്ന നിലയിൽ ഡെർബിയിലെ മികച്ച പ്രകടനവും ചെൽസി ക്ലബുമായുള്ള ലാംപാർഡിന്റെ ആത്മബന്ധവുമാണ് ഇതിന് പിന്നിൽ. റോബർട്ടോ ഡി മറ്റിയോയടക്കമുള്ള ചെൽസി മുൻ പരിശീലകരും ലാംപാർഡിനായി വാദിക്കുന്നുണ്ട്. അതിനിടെ തന്നെ ലാംപാർഡിന്റെ കാര്യത്തിൽ ചെൽസിയും ഡെർബിയും തമ്മിൽ ധാരണയായെന്നും വാർത്തകളുണ്ട്.