SHARE

നിലവിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ചേതേശ്വർ പുജാര. പരമ്പരയിലെ ടോപ് സ്കോറർ കൂടിയായ പുജാര സിഡ്നിയിൽ ഇന്ന് ആരംഭിച്ച നാലാം ടെസ്റ്റിലും സെഞ്ചുറി നേടി. ഇപ്പോളിതാ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഒരപൂർവ്വ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് പുജാര. ഓസ്ട്രേലിയയിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ആയിരത്തിലധികം ബോളുകൾ നേരിടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് ഇപ്പോൾ പുജാര സ്വന്തമാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആയിരത്തിലധികം പന്തുകൾ നേരിടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടമാണ് സിഡ്നി ടെസ്റ്റിൽ പുജാരയെത്തേടിയെത്തിയത്. സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോഹ്ലി എന്നീ ഇതിഹാസതാരങ്ങളാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

2003-04 ലെ പരമ്പരയിൽ 1203 പന്തുകൾ നേരിട്ട രാഹുൽ ദ്രാവിഡാണ് ഓസീസിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ. 1947-48 പരമ്പരയിൽ 1192 പന്തുകൾ നേരിട്ട വിജയ് ഹസാരെ, 2014-15 പരമ്പരയിൽ 1093 പന്തുകൾ നേരിട്ട വിരാട് കോഹ്ലി, 1977-78 പരമ്പരയിൽ 1032 പന്തുകൾ നേരിട്ട സുനിൽ ഗവാസ്കർ എന്നിവരാണ് ഇക്കാര്യത്തിൽ പിന്നാലെയുള്ളത്.