SHARE

ചേതശ്വർ പുജാര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ കാലം മുതൽ രാഹുൽദ്രാവിഡിനോടാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ താരതമ്യം ചെയ്യുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും‌ മികച്ച ബാറ്റ്സ്മാനെന്ന നിലയിലേക്ക് പിന്നീട് വളർന്ന പുജാര, ദ്രാവിഡിനെപ്പോലെ ടീമിന്റെ വിശ്വസ്തനായി മാറിയത് വളരെ പെട്ടെന്നാണ്. എന്നാൽ ആരാധകരെ അദ്ഭുതപ്പെടുത്തുന്നത് ഇരുവരുടേയും കരിയറിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന സാമ്യതകളാണ്.

2003 ൽ ഇന്ത്യ അഡലെയ്ഡിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുമ്പോൾ രാഹുൽ ദ്രാവിഡിന്റെ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് കരുത്തായത്. അന്ന് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ചുറിയും, രണ്ടാമിന്നിംഗ്സിൽ അർധ സെഞ്ചുറിയും നേടിയായിരുന്നു ദ്രാവിഡ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇപ്പോളിതാ ഈ വർഷം അഡലെയ്ഡിൽ ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തുമ്പോൾ വിജയശില്പിയായിരിക്കുന്നത് ദ്രാവിഡിന്റെ പിൻ ഗാമി എന്ന് വിശേഷിക്കപ്പടുന്ന പുജാരയും. അന്ന് ദ്രാവിഡ് മത്സരത്തിൽ ഇരട്ട സെഞ്ചുറിയും, അർധ സെഞ്ചുറിയും നേടിയപ്പോൾ ഇപ്പോൾ പുജാര നേടിയിരിക്കുന്നത് സെഞ്ചുറിയും, അർധ സെഞ്ചുറിയും. ഈ മത്സരങ്ങളിൽ കളിയിലെ കേമന്മാരായി തിരഞ്ഞെടുക്കപ്പെട്ടതും ഇവരിരുവരും തന്നെ.

നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ 3000, 4000, 5000 റൺസ് തികച്ച രീതിയിലും ദ്രാവിഡും പുജാരയും തമ്മിൽ അദ്ഭുതപ്പെടുത്തുന്ന സാദൃശ്യം വന്നിരുന്നു. 67,84,108 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു ഇരുവരും യഥാക്രമം 3000, 4000, 5000 റണ്ണുകളിലേക്കെത്തിയത്.