SHARE

കെനിയക്കെതിരെ നടന്ന തന്റെ നൂറാം അന്താരാഷ്ട്ര മത്സരത്തിലൂടെ ലോക ഫുട്‌ബോളില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ ഛേത്രിയെ അഭിനന്ദിച്ച് ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍ തുടങ്ങിയ വമ്പന്‍ ക്ലബുകളും രംഗത്തെത്തി.

ഇപ്പോഴിതാ, പ്രശസ്തമായ മണ്‍ഡയല്‍ ഫുട്ബോൾ മാസികയാണ് ഛേത്രിയുടെ ഗോള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രശസ്ത കൊമേഡിയന്‍ ജിം ഡാലി ട്വിറ്ററില്‍ ഛേത്രി നേടിയ ഗോളിൻ്റെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നുണ്ടോ..? ഉണ്ടെങ്കില്‍ താന്‍ ഇന്ത്യയെ പിന്തുണക്കുന്നുവെന്നാണ് ജിം ഡാലി പറഞ്ഞത്. ഇത് പങ്കുവെച്ചുകൊണ്ടാണ് മണ്‍ഡയല്‍ മാഗസിന്‍ രംഗത്തെത്തിയത്.

പെറുവുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഇന്ത്യയാണ് മികച്ച സുഹൃത്തെന്നും മാഗസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ കുറിച്ചു. മികച്ച പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മാഗസിന്റെ ലോകകപ്പ് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഈ വര്‍ഷം ലോകകപ്പ് കളിക്കുന്ന രാജ്യമാണ് പെറു. ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് പെറുവിന്റെ സ്ഥാനം. ഡെന്‍മാര്‍ക്കിനെതിരെ 16നാണ് പെറുവിന്റെ ആദ്യമത്സരം.