SHARE

തുടക്കത്തിൽ നേരിട്ട തിരിച്ചടികളെ അതിജീവിച്ച് സാഫ് കപ്പിൽ ഇന്ത്യ ഒരിക്കൽ കൂടി കിരീടം ചൂടിയിരിക്കുകയാണ്. ക്യാപ്റ്റനായ സുനിൽ ഛേത്രി തന്നെയാണ് ഇക്കുറിയും ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായത്. ഫൈനലിലേതടക്കം ആകെ അഞ്ച് ​ഗോളുകളാണ് ഛേത്രി നേടിയത്.

സാഫ് കപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ സന്തോഷമുണ്ടെങ്കിലും കടുപ്പമേറിയതായിരുന്നു ടൂർണമെന്റിലെ ഇന്ത്യയുടെ കുതിപ്പെന്നാണ് ഛേത്രി പറയുന്നത്. ഈ ടൂർണമെന്റ് ശരിക്കും കടുപ്പമേറിയതായിരുന്നു, ആ​ഗ്രഹിച്ചതുപോലെ ഞങ്ങൾക്ക് തുടങ്ങാൻ സാധിച്ചില്ല, ബം​ഗ്ലാദേശിനോടും ശ്രീലങ്കയോടും സമനില വഴങ്ങേണ്ടിവന്നു, അവിടെ നിന്നാണ് തിരിച്ചുവന്നത്, എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല, ഫൈനലിൽ നേപ്പാളിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനം ഏറെ സംതൃപ്തി നൽകുന്നുണ്ട്, ഛേത്രി ഖേൽനൗവിനോട് പറഞ്ഞു.

കളിക്കളത്തിൽ പല കാര്യങ്ങളും ഞങ്ങൾക്ക് ഇതിലും നന്നായി ചെയ്യാനാകുമായിരുന്നു, എന്നാൽ ഒടുവിൽ ഒരു ടൂർണമെന്റ് ജയിച്ച് കിരീടം നേടുമ്പോൾ എല്ലാവർക്കും സന്തോഷമാകും, ഞങ്ങൾക്ക് ഇനിയും പല മേഖലകളിലും മെച്ചപ്പെടാനുണ്ട്, ഈ കിരീടം നേട്ടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല, കഴിയാവുന്നതിന്റെ പരമാവധി പ്രകടനം മെച്ചപ്പെടുത്താനാകും ഇനി പരിശ്രമം, ഛേത്രി പറഞ്ഞു.