SHARE

ഇറ്റാലിയൻ സെരി എയിൽ കരുത്തരായ റോമയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. മത്സരത്തിന്റെ രണ്ടാം പകുതയിൽ നേടിയ രണ്ട് ​ഗോളുകളുടെ ബലത്തിൽ ചിയവോ വെറോണ റോമയെ സമനിലയിൽ തളച്ചു. ലീ​ഗിൽ അവസാന സ്ഥാനത്തുള്ള ടീമാണ് ചിയവോ വെറോണ

റോമയുടെ മൈതാനമായ ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് അപ്രതീക്ഷിത സമനില. ആദ്യ പകുതിയിൽ രണ്ട് ​ഗോളുകൾക്ക് ലീഡ് നേടിയ ശേഷമായിരുന്നു റോമ വെറോണയുടെ കരുത്തിന് മുന്നിൽ മെരുങ്ങിയത്. മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ റോമ ആദ്യ ​ഗോൾ നേടി,അലക്സാണ്ടർ ഫ്ലോറൻസിയുടെ ക്രോസിൽ നിന്ന് സ്റ്റെഫാൻ എൽ ഷെറാവിയാണ് റോമൻ പടയ്ക്ക് ലീഡ് സമ്മാനിച്ചത്. 20 മിനിറ്റുകൾ കൂടി കഴിഞ്ഞപ്പോൾ ബ്രെയാൻ ക്രിസ്റ്റെന്റെയിലൂടെ റോമ ലീഡുയർത്തി.

രണ്ട് ​ഗോൾ ലീഡുമായി മത്സരം വിജയിച്ചു എന്ന രീതിയിലാണ് റോമ രണ്ടാം പകുതിയിലിറങ്ങിയത്. എന്നാൽ 53-ാം മിനറ്റിൽ തന്നെ വാൾട്ടർ ബിസ്റ വെറോണയ്ക്കായി ഒരു ​ഗോൾ മടക്കി. 83-ാം മിനിറ്റിൽ മരിയൂസ് സ്റ്റെഫൻസ്കി വെറോണയെ ഒപ്പമെത്തിച്ചു. വെറോണയോട് സമനില വഴങ്ങിയതോടെ ലീ​ഗിൽ റോമ ഏഴാം സ്ഥാനത്താണ്.