SHARE

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കൊളംബിയയെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ ചിലി, കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിലെത്തി. സാവോ പോളോയിൽ നടന്ന പോരാട്ടം നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ തുടർന്നതിനാലാണ് വിജയികളെ കണ്ടെത്താൻ പെനാൽറ്റി ആവശ്യമായി വന്നത്. ഷൂട്ടൗട്ടിൽ 5-4 നായിരുന്നു ചിലിയുടെ വിജയം.

ഇരു ടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച മത്സരം ആരാധകർക്ക് ഏറെ ആവേശം സമ്മാനിച്ചെങ്കിലും ഗോളുകൾ മാത്രം അകന്ന് നിന്നു. തൊണ്ണൂറ് മിനുറ്റുകളും മത്സരം ഗോൾ രഹിതമായി തുടർന്നതോടെ വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടി വരുകയായിരുന്നു.

കൊളംബിയയുടെ ആദ്യ 4 കിക്കുകളെടുത്ത റൊഡ്രീഗസ്, കരഡോണ, കുവാഡ്രഡോ, മിന എന്നിവർ പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചപ്പോൾ, അഞ്ചാം കിക്കെടുത്ത ടെസില്ലോയ്ക്ക് പിഴച്ചു. മറുവശത്ത് കിക്കുകളെല്ലാം ഗോൾ വലയിലെത്തിച്ച ചിലി സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. വിഡാൽ, വർഗാസ്, പുൾഗർ, അരാംഗ്വിസ്, സാഞ്ചസ് എന്നിവരാണ് ചിലിക്കായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.