SHARE

ലോകഫുട്ബോളിൽ സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളാണ് അർജന്റീനയും ചിലിയും തമ്മിലുള്ളത്. രണ്ട് കോപ്പാ അമേരിക്ക ഫൈനലുകളിൽ അർജന്റീനയെ തോൽവിയിലേക്കും മെസിയെ താൽക്കാലിക വിരമിക്കലിലേക്കും തള്ളിവിട്ടത് ചിലിയായിരുന്നു. ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് വീണ്ടുമൊരു അർജന്റീന-ചില പോരാട്ടമെത്തുന്നു

സെപ്റ്റംബർ അഞ്ചിന് അമേരിക്കയിലെ ലോസ് ആഞ്ജലീസിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപ്പോരാട്ടം അരങ്ങേറുന്നത്. ലോസ് ആഞ്ജലീസ് മെമ്മോറിയൽ കൊളീസിയം സ്റ്റേഡിയത്തിലാണ് മത്സരം. ഇതേ സ്റ്റേഡിയത്തിൽ തന്നെ സെപ്റ്റംബർ പത്തിന് ബ്രസീൽ പെറുവിനെ നേരിടുന്നുണ്ട്.

ഇതിനുമുമ്പ് അമേരിക്കയിൽ ചിലിയും അർജന്റീനയും ഏറ്റുമുട്ടിയത് 2016-ലെ കോപ്പാ അമേരിക്ക സെന്റിനാരിയോയിലാണ്. അന്ന് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ചിലി കിരീടം നേടിയിരുന്നു. അന്ന് പെനാൽറ്റി പാഴാക്കിയ മെസി മത്സരത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചു. പിന്നീട് ഈ പ്രഖ്യാപനം പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരച്ചുവന്നു. അതേസമയം 2017-ൽ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ജയം അർജന്റീനയ്ക്കൊപ്പമായിരുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പാ അമേരിക്കയിൽ ചിലിയും അർജന്റീനയും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ശേഷിക്കുന്ന ക്വാർട്ടർ, സെമി പോരാട്ടങ്ങൾ ജയിച്ചാൽ ഇരുടീമുകളും തമ്മിൽ ഒരിക്കൽ കൂടി കോപ്പാ കലാശപ്പോരിൽ ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അതിനുള്ള സാധ്യത കുറവാണ്.