SHARE

ഇന്ന് വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ യുവ സ്പിന്നർ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ഏകദിന ക്രിക്കറ്റിലെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരം. ഇന്നത്തെ മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്ത്താനായാൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡ് കുൽദീപിന്റെ പേരിലാകും. വലം കൈയ്യൻ പേസ് ബൗളർ മൊഹമ്മദ് ഷാമിയെയാകും ഇക്കാര്യത്തിൽ കുൽദീപ്‌ പിന്തള്ളുക.

2017 ൽ വെസ്റ്റിൻഡീസിനെതിരെ കളിച്ച് അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് കുൽദീപ്. നിലവിൽ 53 ഏകദിന മത്സര‌ങ്ങളിൽ നിന്ന് 96 വിക്കറ്റുകളാണ് കുൽദീപിന്റെ സമ്പാദ്യം. 56 ഏകദിനങ്ങളിൽ 100 വിക്കറ്റുകൾ തികച്ച പേസ് ബൗളർ മൊഹമ്മദ് ഷമിയാണ് അതിവേഗ 100 വിക്കറ്റിന്റെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളിൽ നിലവിൽ ഒന്നാമതുള്ളത്. 53 ഏകദിന മത്സരങ്ങളിൽ 23.86 എന്ന മികച്ച ബോളിംഗ് ശരാശരിയിലാണ് കുൽദീപ് 96 വിക്കറ്റുകൾ നേടിയിട്ടുള്ളത്. 4.96 ആണ് അൻപത് ഓവർ മത്സരങ്ങളിൽ താരത്തിന്റെ എക്കോണമി. 25 റൺസ് വഴങ്ങി 6 വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.