SHARE

ബെംഗളുരു എഫ്.സിയുടെ സ്പാനിഷ് താരം എഡു ഗാര്‍സിയയെ സ്വന്തമാക്കാന്‍ ചൈനീസ് ക്ലബ് സെജിയാങ് ഷെന്‍ഗിന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഗോള്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ട്രാന്‍സ്ഫര്‍ ജാലകം അടക്കുന്ന ഫെബ്രുവരി 28-ന് മുമ്പായി എഡുവിനെ സ്വന്തമാക്കാനാണ് ചൈനീസ് ടീമിന്റെ ശ്രമം.

മേയ് വരെയാണ് ബെംഗളുരുവില്‍ എഡുവിന്റെ കാലവധി. അതിനാല്‍ തന്നെ വന്‍ പ്രതിഫലമാണ് ചൈനീസ് ടീം എഡുവിന് മുന്നില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൈമാറ്റത്തുകയുടെ കാര്യത്തില്‍ ധാരണയായാല്‍ എഡു ചൈനയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യമായാല്‍ ഒരു വിദേശ ക്ലബില്‍ നിന്ന് കൈമാറ്റതുക കൈപ്പറ്റുന്ന ആദ്യ ഇന്ത്യന്‍ ടീമാകും ബംഗളുരു എഫ്.സി. അതേ സമയം ബെംഗളുരു എഫ്.സി ഇതേക്കുറിച്ച്‌ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 10-നാണ് ചൈനീസ് സൂപ്പര്‍ ലീഗ് പുതിയ സീസണ്‍ തുടങ്ങുന്നത്. ബ്രസീലിയന്‍ താരങ്ങളായ ഹള്‍ക്ക്, റാമിറസ്, ഓസ്‌കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചൈനീസ് ലീഗില്‍ കളിക്കുന്നുണ്ട്. ബെംഗളുരു എഫ്.സിക്കായി സീസണില്‍ ഇതുവരെ രണ്ട് ഗോളുകള്‍ നേടിയ എഡു അഞ്ച് ഗോളിന് വഴിയൊരുക്കി.