SHARE

ഒരു മത്സരത്തിൽ ഒരു ടീം ആകെ ചേർന്ന് ഒമ്പത് ​ഗോൾ നേടുക എന്നത് അപൂർവമാണ്. അപ്പോൾ പിന്നെ ഒരാൾ ഒറ്റയ്ക്ക് ഒമ്പത് ​ഗോൾ നേടി എന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ സംഭവം സത്യമാണ്. ഇന്തോനീഷ്യയിൽ നടക്കുന്ന ഏഷ്യൻ ​ഗെയിംസിലെ വനിതാ ഫുട്ബോൾ മത്സരത്തിലാണ് അത്യപൂർവമായ പ്രകടനം നടന്നത്.

​ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ തജിക്കിസ്ഥാനെതിരെ ചൈനീസ് താരം വാങ് ഷൻഷാനാണ് ഹാട്രിക്കിൽ ഹാട്രിക്ക് നേടിയത്. അതും 56-ാം മിനിറ്റിൽ പകരക്കാരിയായിറങ്ങിയാണ് അത്യപൂർവ നേട്ടം കൈവരിച്ചത്. 64-ാം മിനിറ്റിലായിരുന്നു വാങ്ങിന്റെ ആദ്യ ​ഗോൾ. പിന്നീട് തുടർച്ചയായി ​ഗോളുകൾ നേടിക്കൊണ്ടേയിരിക്കുകയായിരുന്നു. മത്സരത്തിന്റെ എൺപതാം മിനിറ്റിന് ശേഷം മാത്രം ഏഴ് ​ഗോളുകളാണ് വാങ് വലയിലെത്തിച്ചത്.

മത്സരത്തിൽ ചൈന എതിരില്ലാത്ത പതിനാറ് ​ഗോളുകൾക്ക് വിജയിച്ചു. തജിക്കിസ്ഥാനെതിരായ ഒമ്പതെണ്ണമടക്കം പതിനൊന്ന് ​ഗോളുകൾ ഏഷ്യൻ ​ഗെംയിസിൽ വാങ് അടിച്ചുകൂട്ടി. ടോപ്സ്കോറർ പട്ടികയിലും വാങ് തന്നെയാണ് നിലവിൽ ഒന്നാമത്.