SHARE

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 6 ഫീൽഡർമാരെ തിരഞ്ഞെടുത്ത് മുൻ ടെസ്റ്റ് ഓപ്പണർ ആകാശ് ചോപ്ര.‌ കഴിഞ്ഞ ദിവസം യൂടൂബിലൂടെയായിരുന്നു ചോപ്ര ഈ തിരഞ്ഞെടുപ്പ് നടത്തിയത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന 3 താരങ്ങൾ ചോപ്ര തിരഞ്ഞെടുത്ത ഏറ്റവും മികച്ച 6 ഇന്ത്യൻ ഫീൽഡർമാരുടെ പട്ടികയിലുണ്ട്.

ഇപ്പോളത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരുടെ ലിസ്റ്റിൽ ചോപ്ര ആറാം സ്ഥാനത്ത് ചൂണ്ടിക്കാട്ടുന്നത്. 1983 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ വിവിയൻ റിച്ചാർഡ്സിന്റെ തകർപ്പൻ ശര സ്വന്തമാക്കിയ മുൻ നായകൻ കപിൽദേവാണ് ലിസ്റ്റിൽ അഞ്ചാമത്. നാലാം സ്ഥാനത്ത് യുവരാജ് സിംഗിനേയും, മൂന്നാം സ്ഥാനത്ത് മൊഹമ്മദ് കൈഫിനെയുമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ ഫീൽഡിംഗിൽ വിപ്ലവ മാറ്റം സൃഷ്ടിച്ചത് കൈഫ് ആണെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 167 ക്യാച്ചുകൾ നേടിയിട്ടുള്ള സുരേഷ് റെയ്നയാണ് ചോപ്ര തിരഞ്ഞെടുത്ത മികച്ച ഇന്ത്യൻ ഫീൽഡർമാരുടെ ലിസ്റ്റിൽ രണ്ടാമത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡറായി ചോപ്ര തിരഞ്ഞെടുത്തത് രവീന്ദ്ര ജഡേജയേയാണ്. ജഡേജയുടെ റോക്കറ്റ് വേഗത്തിലുള്ള ത്രോകളേയും, ഗ്രൗണ്ട് മുഴുവൻ നിറഞ്ഞ് ഫീൽഡ് ചെയ്യാനുള്ള മികവിനേയും പ്രത്യേകം പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.