SHARE

സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ഇല്ലാതെയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 മത്സരങ്ങളിൽ ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഐപിഎല്ലിനിടെ സംഭവിച്ച പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാത്തതിനാലായിരുന്നു രോഹിതിനെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള പരമ്പരയിൽ നിന്ന് സെലക്ടർമാർ ഒഴിവാക്കിയത്‌. രോഹിതിന്റെ അഭാവത്തിൽ ആരെ ടീമിന്റെ ഓപ്പണറാക്കും എന്നതാണ് നിലവിൽ ഇന്ത്യൻ മാനേജ്മെന്റിന്റെ ഏറ്റവും വലിയ തലവേദന. ഇപ്പോളിതാ ഇതിന് പരിഹാരം നിർദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.

ശിഖർ ധവാനാണ് നിലവിൽ ഓപ്പണിംഗിൽ സ്ഥാനമുറപ്പിച്ച ഏക താരം. സഞ്ജു സാംസൺ, കെ എൽ രാഹുൽ, മയങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ എന്നിവരാണ് ധവാന് ഓപ്പണിംഗിൽ കൂട്ടായെത്താൻ മത്സരിക്കാനുള്ളത്. ഇതിൽ കെ എൽ രാഹുലിനെ ധവാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യിപ്പിക്കണമെന്നാണ് ചോപ്രയുടെ പക്ഷം. ധവാൻ-രാഹുൽ സഖ്യം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന് പറയുന്ന അദ്ദേഹം, മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടുന്നു. ടീമിന്റെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തുന്ന സഞ്ജുവിനെ ഫിനിഷിംഗ് ജോലി ഏൽപ്പിക്കണമെന്നും കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിൽ ചോപ്ര വ്യക്തമാക്കി.