SHARE

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിൽ നിന്ന് സൂപ്പർ താരങ്ങളായ ക്രിസ് ഗെയിൽ, ആന്ദ്രെ റസൽ എന്നിവർ പുറത്ത്. ഇന്നാണ് ക്രിക്കറ്റ് വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും ഒരു ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ഡെറാഡൂണാണ് ഈ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുക.

സീനിയർ താരങ്ങളായ ആന്ദ്രെ റസൽ, ക്രിസ് ഗെയിൽ എന്നിവർക്ക് പുറമേ ഡാരൻ ബ്രാവോ, ഷാനോൺ ഗബ്രിയേൽ തുടങ്ങിയ താരങ്ങൾക്കും വിൻഡീസ് ടീമിൽ ഇടം പിടിക്കാനായില്ല. അതേ സമയം ഇത്തവണത്തെ കരീബിയൻ പ്രീമിയർ ലീഗിൽ മിന്നും പ്രകടനം നടത്തിയ ബ്രാണ്ടൻ കിംഗ്, ഹെയ്ഡൻ വാൽഷ് ജൂനിയർ എന്നിവർക്ക് ഇതാദ്യമായി ദേശീയ ടീമിലേക്ക് വിളി വന്നു. ഏകദിന/ടി20 പരമ്പരകൾക്കുള്ള ടീമിലാണ് ഇരുവരും ഇടം പിടിച്ചത്.

ടീമിന്റെ മുൻ ടി20 നായകൻ കാർലോസ് ബ്രാത്ത് വൈറ്റിന് ഒരു ടീമിലും ഇത്തവണ ഇടം ലഭിച്ചില്ല. അതേ സമയം മുൻ ഏകദിന നായകൻ ജേസൺ ഹോൾഡർ മൂന്ന് ഫോർമ്മാറ്റുകൾക്കുള്ള ടീമിലും ഇടം പിടിച്ചു. ടെസ്റ്റിൽ ടീമിന്റെ നായകനും ഹോൾഡറാണ്‌. കീറൺ പൊള്ളാർഡാണ് ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുന്നത്.