SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ഇനി വെറും രണ്ട് ദിവസത്തെ ദൂരം മാത്രം. ടീമുകളെല്ലാം കിരീടം നേടാനുള്ള ഉറച്ച‌ലക്ഷ്യത്തോടെ പരിശീലനം നടത്തുകയാണ്. പരിശീലനത്തിനിടയ്ക്ക് ലഭിക്കുന്ന ചെറിയ ഇടവേളകൾ ആഘോഷമാക്കുന്നതിലും താരങ്ങൾ പിന്നിലല്ല. ടീം അംഗങ്ങൾ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ ഡ്വെയിൻ ബ്രാവോയും, യുസ്വേന്ദ്ര ചഹലുമെല്ലാം പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ഇതാ അത്തരമൊരു വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത് കരീബിയൻ പവർ ഹൗസ് എന്നറിയപ്പെടുന്ന സാക്ഷാൽ ക്രിസ് ഗെയിലാണ്.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമായ ഗെയിൽ തന്റെ സഹതാരങ്ങളായ യുവരാജ് സിംഗും രവിചന്ദ്രൻ അശ്വിനും ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവരാജ് തകർത്ത് നൃത്തം ചെയ്യുമ്പോൾ അശ്വിൻ വീഡിയോയിൽ അല്പം നാണം കുണുങ്ങിയാണ്. ‘3 കിംഗ്സ്’ എന്ന ക്യാപ്ഷനാണ് ഗെയിൽ ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അതേ സമയം തങ്ങളുടെ ആദ്യ ഐപിഎൽ കിരീടംലക്ഷ്യം വെക്കുന്ന പഞ്ചാബ് ടീം അടിമുടി മാറ്റങ്ങളോടെയാണ് ഈ സീസണിനെത്തിയിരിക്കുന്നത്. ഇന്ത്യൻ ഓഫ്സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ നേതൃത്വത്തിലിറങ്ങുന്ന പഞ്ചാബ് ഏപ്രിൽ എട്ടിന് ഡെൽഹി ഡെയർഡെവിൾസിനെതിരെ നടക്കുന്ന പോരാട്ടത്തോടെയാണ് തങ്ങളുടെ ഐപിഎൽ യാത്ര ആരംഭിക്കുന്നത്.