SHARE

ഓസ്ട്രേലിയൻ‌ യുവ സ്പിന്നർ ക്രിസ് ഗ്രീനിനെ അടുത്ത മൂന്ന് മാസത്തേക്ക് പന്തെറിയുന്നതിൽ നിന്ന് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. നിലവിൽ ഓസ്ട്രേലിയയിൽ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിനിടെ ഗ്രീനിന്റെ ബോളിംഗ് ആക്ഷൻ സംശാസ്പദമാണെന്ന് അമ്പയർമാർ പരാതിപ്പെടുകയും തുടർന്ന് നാഷണൽ ക്രിക്കറ്റ് സെന്ററിൽ ഈ മാസം അഞ്ചാം തീയതി നടത്തിയ പരിശോധനയിൽ താരത്തിന്റെ ബോളിംഗ് ആക്ഷൻ നിയമാനുസൃതമല്ലാത്തതാണെന്ന് തെളിയുകയുമായിരുന്നു. ഇതേത്തുടർന്നാണ് വിലക്ക്. ബിബിഎല്ലിൽ സിഡ്നി തണ്ടറിന്റെ താരമാണ് ഗ്രീൻ.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ക്രിസ് ഗ്രീൻ നിലവിൽ ഓസ്ട്രേലിയൻ പൗരനാണ്. അഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുന്ന താരം അടുത്ത് തന്നെ ദേശീയ ടീമിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. അതിനിടയിൽ വിലക്കെത്തിയിരിക്കുന്നത് താരത്തിന്റെ കരിയറിന് കനത്ത തിരിച്ചടിയാണ്.

അതേ സമയം ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി ടി20 ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഗ്രീനിനെ കഴിഞ്ഞ മാസം നടന്ന ഐപിഎൽ താരലേലത്തിൽ നിന്ന് കൊൽക്കത്ത സ്വന്തമാക്കിയിരുന്നു. 20 ലക്ഷം രൂപയായിരുന്നു ഗ്രീനിനെ ടീമിലെത്തിക്കാൻ ലേലത്തിൽ കൊൽക്കത്ത മുടക്കിയത്.