SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ സ്റ്റാർ ഓൾ റൗണ്ടർ ക്രിസ് മോറിസ് പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തുന്നു. സീസണിലെ ആദ്യ 5 മത്സരങ്ങളും പരിക്കിനെത്തുടർന്ന് നഷ്ടമായ താരം ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടക്കാനിരിക്കുന്ന ടീമിന്റെ അടുത്ത മത്സരത്തിൽ കളിക്കുമെന്നാണ് സൂചന. ബാംഗ്ലൂർ ആരാധകർക്ക്‌ വലിയ ആവേശം നൽകുന്ന വാർത്തയാണിത്.

ഇന്നലെ ഡെൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തി‌ന് ശേഷം സംസാരിക്കവെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയും, മോറിസ് പരിക്കിൽ നിന്ന് മോചിതനായ കാര്യം ചൂണ്ടിക്കാട്ടി.‌ ഡെൽഹിക്കെതിരായ മത്സരത്തിൽ മോറിസ് കളിക്കുന്നതിന് അടുത്തെത്തിയതായിരുന്നുവെന്നും കോഹ്ലി ഇതിനൊപ്പം സൂചിപ്പിച്ചു.

അതേ സമയം 2020 സീസൺ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ 10 കോടി രൂപ മുടക്കിയായിരുന്നു ക്രിസ് മോറിസിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്. വലിയ പ്രതീക്ഷകളോടെ ബാംഗ്ലൂർ ടീമിലെത്തിച്ച മോറിസ് പരിക്ക് മൂലം സൈഡ് ബെഞ്ചിലായത് ഇക്കുറി ആദ്യ മത്സരങ്ങളിൽ ബാംഗ്ലൂരിനെ നല്ല രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ ചെന്നൈക്കെതിരെ താരം ടീമിലെത്തുമെന്നത് അവരുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.