SHARE

കഴിഞ്ഞ സീസൺ ഐലീഗിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് തരം താഴ്ത്തപ്പെടലിലേക്ക് വീണ ക്ലബ്ബാണ് ചർച്ചിൽ ബ്രദേഴ്സ്. തരം താഴ്ത്തപ്പെട്ടത് കൊണ്ട് തന്നെ ഈ സീസൺ മുതൽ രണ്ടാം ഡിവിഷൻ ലീഗിലാണ് ചർച്ചിൽ കളിക്കേണ്ടത്. എന്നാൽ ഇപ്പോളിതാ തങ്ങളെ തരം താഴ്ത്തലിൽ നിന്ന് ഒഴിവാക്കണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ചർച്ചിൽ ക്ലബ്ബ്.

കഴിഞ്ഞ സീസണിൽ റഫറിയിംഗ് ഉൾപ്പെടെ പല കാര്യങ്ങളും തങ്ങൾക്കെതിരായിരുന്നുവെന്ന് പറയുന്ന ചർച്ചിൽ അധികൃതർ, തങ്ങൾ കൂടി ഐലീഗിൽ നിന്ന് പുറത്തായാൽ ഗോവൻ പ്രതിനിധികൾ ഇല്ലാത്ത ഐലീഗിന് ഫുട്ബോൾപ്രേമികൾ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും കൂട്ടിച്ചേർക്കുന്നു. “നിലവിൽ ഗോവയെ പ്രതിനിധീകരിച്ച് ഐലീഗിലുള്ള ഏകക്ലബ്ബ് ചർച്ചിൽ ബ്രദേഴ്സാണ്, അത് കൊണ്ട് തന്നെ ചർച്ചിലിനെ ലീഗിൽ നിന്ന് തരംതാഴ്ത്തിയാൽ അത് സംസ്ഥാനത്തെ ഫുട്ബോൾ വളർച്ചയെത്തന്നെ വളരെ മോശമായി ബാധിച്ചേക്കാം”. ചർച്ചിൽ അധികൃതർ പറഞ്ഞുനിർത്തി.

അതേ സമയം തരംതാഴ്ത്തലിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ചർച്ചിൽ അധികൃതരുടെ ആവശ്യത്തോട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇത് വരെ പ്രതികരിച്ചിട്ടില്ല. ടൂർണമെന്റിന്റെ മത്സരക്രമവും മറ്റും തയ്യാറാക്കാനുള്ള സമയം അടുത്ത് വരുന്നതിനാൽ എത്രയും പെട്ടെന്ന് തന്നെ എ ഐ എഫ് എഫ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നാണ് ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.