SHARE

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് 2021-22 സീസണിലാണ്. ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസിനോട് വിടപറഞ്ഞായിരുന്നു പോർച്ചു​ഗീസ് താരം റൊണാൾഡോ യുണൈറ്റഡിലേക്ക് വീണ്ടുമെത്തിയത്. വിഖ്യാത പരിശീലകൻ അലക്സ് ഫെർ​ഗൂസന്റെ ഇടപെടലാണ് റൊണാൾഡോയെ യുണൈറ്റഡിലേക്ക് വീണ്ടുമെത്തിച്ചതെന്ന് വാർത്തകളും വന്നിരുന്നു.

അതേസമയം തന്നെ യുണൈറ്റഡിലെത്തും മുമ്പ് ന​ഗരത്തിലെ പ്രധാന എതിരാളിയായി മാഞ്ചസ്റ്റിർ സിറ്റിയുമായും റൊണാൾഡോയുടെ പേര് പറഞ്ഞുകേട്ടിരുന്നു. റൊണാൾഡോയെ സിറ്റി ചെയ്യുമെന്ന സൂചനകളും ഒരു ഘട്ടത്തിൽ ശക്തമായിരുന്നു. എന്നാൽ ഒടുവിൽ ഈ നീക്കം വിജയം കാണാതെ പോയി.

ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് മാഞ്ചസ്റ്റർ ഈവനിങ് ന്യൂസ്. ഈ റിപ്പോർട്ട് പ്രകാരം റൊണാൾഡോയെ ഒപ്പം കൂട്ടാൻ സിറ്റിക്കും പരിശലകൻ പെപ് ​ഗ്വാർഡിയോളയ്ക്കും താൽപര്യമുണ്ടായിരുന്നു. എന്നാൽ മറ്റൊരു ട്രാൻസ്ഫർ നീക്കത്തിൽ ബാഴ്സലോണയുമായി ധാരണയിലെത്താൻ സിറ്റിക്ക് കഴിയാതിരുന്നതാണ് റൊണാൾഡോയുടെ സൈനിങ്ങിൽ തിരിച്ചടിയായത്.

റൊണാൾഡോയെ ഒപ്പം കൂട്ടണമെങ്കിൽ സിറ്റി പ്രധാന താരങ്ങളിൽ ഒരാളെ ഒഴിവാക്കേണ്ടിയിരുന്നു. ആ സമയത്ത് ബാഴ്സലോണ സിറ്റിയുടെ ഇം​ഗ്ലീഷ് വിങ്ങറായിരുന്ന റഹീം സ്റ്റെർലിങ്ങിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ നീക്കം പൂർത്തിയാക്കാൻ ബാഴ്സലോണയ്ക്ക് സാധിച്ചില്ല. ഇതോടെ സ്റ്റെർലിങ്ങിനെ ഒരു സീസൺ കൂടി സിറ്റിക്ക് നിലനിർത്തേണ്ടവന്നു.