SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് രണ്ട് വർഷത്തേക്കുള്ള വിലക്ക് തുടർന്നാൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി. ചാമ്പ്യൻസ് ലീ​ഗിൽ കളിക്കാനാകില്ലെങ്കിൽ അടുത്ത സീസണിൽ ക്ലബിനൊപ്പം ചില സൂപ്പർതാരങ്ങൾ തുടർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

യുവേഫയാണ് നേരത്തെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി സിറ്റിക്ക് രണ്ട് സീസൺ ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് വിലക്കിയത്. ഇതിനെതിരെ സിറ്റി അപ്പീൽ നൽകിയിട്ടുണ്ട്. ഇത് ഉടൻ പരി​ഗണിക്കാനിരിക്കുകയാണ്. ഈ അപ്പീൽ തള്ളപ്പെട്ടാൽ സിറ്റിയുടെ വിലക്ക് തുടരും. ആ സാഹചര്യമുണ്ടായീൽ സൂപ്പർതാരങ്ങളായ കെവിൻ ഡി ബ്രുയൻ, സെർജിയോ അ​ഗ്യൂറോ, ലിറോയ് സാനെ, റഹീം സ്റ്റെർലിങ് തുടങ്ങിയവർ വേറെ ക്ലബ് തേടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

-Advertisement-

സാനെയ്ക്കായി ജർമൻ ക്ലബ് ബയേണ് മ്യൂണിച്ച് വലവിരിച്ചുതുടങ്ങിയിട്ട് ഏറെ നാളായി. ഈ നീക്കം ഏതാണ്ട് ഉറപ്പായെന്നും സൂചനയുണ്ട്. ഡി ബ്രുയൻ സിറ്റി വിടാൻ തീരുമാനിച്ചാൽ മുന്നിലുള്ളത് സൂപ്പർ ക്ലബുകളായ റയൽ മഡ്രിഡും യുവന്റസുമാണെന്നാണ് റിപ്പോർട്ടുകൾ. അ​ഗ്യൂറോയാകട്ടെ സിറ്റി വിട്ടാൽ സ്വന്തം നാടായ അർജന്റീനയിലേക്ക് മടങ്ങാനാണ് സാധ്യത കൂടുതൽ. സ്റ്റെർലിങ്ങ് പ്രീമിയർ ലീ​ഗിൽ തന്നെ മറ്റേതെങ്കിലും സൂപ്പർ ക്ലബിൽ തുടരാനുള്ള സാധ്യത തേടുമെന്നാണ് സൂചന.

അതേസമയം അപ്പീലിൽ പ്രതീക്ഷയുണ്ടെന്നാണ് സിറ്റി പരിശീലകനായ പെപ് ​ഗ്വാർഡിയോള പറയുന്നത്. നേരത്തെ വിലക്ക് നേരിട്ടാലും സിറ്റിയിൽ തന്നെ തുടരുമെന്ന് പെപ് ക്ലബിന് ഉറപ്പ് നൽകിയാതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ താരങ്ങൾ ഇത്തരമൊരു നിലാപാട് സ്വീകരിച്ചില്ലെന്നാണ് സൂചനകൾ ലഭിക്കുന്നത്.