SHARE

ഡെര്‍ബിയുടെ ആവേശത്തോടൊപ്പം പരുക്കന്‍ അടവുകള്‍ കൂടി ചേര്‍ന്നതോടെ ഇന്നലെ നടന്ന ബെംഗളുരു – ചെന്നൈയിന്‍ മത്സരം പലപ്പോഴും കയ്യാങ്കളിയായി മാറിയിരുന്നു. കളി തീര്‍ന്നതോടെ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വരെയെത്തി കാര്യങ്ങള്‍. ഇരുടീമുകളുടെയും മികച്ച മുന്നേറ്റങ്ങളാണ് മത്സരത്തിലുടനീളം കണ്ടത്.

ഇതിനിടെ കളിനിയന്ത്രണത്തിലെ പോരായ്മകളെ ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം തുടങ്ങിയത്. ചെന്നൈയിന്‍ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ബെംഗളുരു താരം ഡൈവ് ചെയ്തതാണെന്ന് മനസ്സിലാവാതെ റഫറി ചെന്നൈയിന്‍ താരം ജെറിക്ക് മഞ്ഞക്കാര്‍ഡ് നല്‍കിയത് മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ജെറിയുടേത് ഫൗളല്ലായിരുന്നുവെന്ന് ടി വി റീപ്ലേകളില്‍ നിന്ന് പിന്നീട് വ്യക്തമായിരുന്നു.

മത്സരത്തിന്റെ അവസാനനിമിഷങ്ങളില്‍ ധനപാല്‍ ഗണേഷ് ചെന്നൈയിനെ മുന്നിലെത്തിച്ചപ്പോഴായിരുന്നു കളിക്കാര്‍ ശരിക്കും ഏറ്റുമുട്ടിയത്. ഗോള്‍ വഴങ്ങിയതോടെ ബെംഗളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി റഫറിയുടെ അടുത്ത് പരാതിയുമായി എത്തുകയായിരുന്നു. അതിനിടെ ഓടിവന്ന ഇരുടീമുകളിലെ കളിക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

കളിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രണ്ട് ടീമുകളും പരസ്പരം പഴി ചാരുകയാണുണ്ടായത്. ചെന്നൈയിന്‍ ക്യാപ്റ്റന്‍ സെറീനോ ഛേത്രിക്കെതിരെ രംഗത്ത് വന്നപ്പോള്‍ ചെന്നൈയിന്‍ താരങ്ങളുടെ മനോഭാവം ശരിയല്ലെന്നായിരുന്ന് ബെംഗളുരു കോച്ച് ആല്‍ബര്‍ട്ട് റോക്ക പറഞ്ഞത്. ഛേത്രി റഫറിയുടെ തീരുമാനങ്ങളെ തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ ശ്രമിച്ചുവെന്നും ഇതാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നും സെറീനോ പറഞ്ഞു. ബെംഗളുരു മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്നും എന്നാല്‍ അതിനെ മറികടക്കാന്‍ ചെന്നൈയിന് കഴിഞ്ഞെന്നും ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെന്നും സെറീനോ അഭിപ്രായപ്പെട്ടു.