SHARE

ചാമ്പ്യൻസ് ലീ​ഗിൽ നിന്നും കോപ്പാ ഡെൽ റേയിൽ നിന്നും പുറത്തായതും ലാ ലി​ഗയിൽ കിരീടപ്രതീക്ഷ കൈവിട്ടതും റയൽ മഡ്രിഡിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നായകൻ സെർജിയോ റാമോസാണ് ടീമിന്റെ ദയനീയ പ്രകടനത്തിൽ ഏറ്റവും നിരാശനായത്. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസുമായി കഴിഞ്ഞ ദിവസം ഉടക്കിയ റാമോസ് പരിശീലകന്നിതിടെ മാഴ്സലോയുമായി നേർക്കുനേർ വന്നു

ശനിയാഴ്ച റയൽ മഡ്രിഡിന്റെ പരിശീലനത്തിനിടെയാണ് ടീമിലെ സൂപ്പർ താരങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടത്. പരിശീലനത്തിനിടെ ടീമം​ഗങ്ങൾ രണ്ടായി തിരഞ്ഞു മത്സരിച്ചു. ഇതിൽ മാഴ്സലോയുടെ ടീമാണ് ജയിച്ചത്. വിജയത്തെത്തുടർന്ന് മാഴ്സലോ നടത്തിയ ആഘോഷം എതിർടീമം​ഗമായ റാമോസിനെ ചൊടിപ്പിച്ചു. റാമോസ് മാഴ്സലോയ്ക്ക് നേരെ തിരിയുകയും വാക്കുതർക്കമാകുകയും ചെയ്തും, തുടർന്ന് സഹതാരങ്ങളിടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ ഏറ്റമുട്ടൽ റിപ്പോർട്ട് ചെയ്തത്

റയലിന്റെ മോശം പ്രകടനത്തിൽ പെരസടക്കമുള്ളവർ റാമോസിനെ കുറ്റപ്പെടുത്തിയിരുന്നതായാണ് വാർത്തകൾ. ഇതേത്തുടർന്ന് ആകെ കലിപ്പാണിപ്പോൾ റാമോസ്. അടുത്ത സീസണിൽ റയലിന്റെ പരിശീലകനായി ഹോസെ മൗറീന്യോ തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങളുമുണ്ട്. അങ്ങനെ സംഭവിച്ചാൽ നേരത്തെ തന്നെ മൗറീന്യോയുമായി അത്ര രസത്തിലല്ലാത്ത റാമോസ് ക്ലബ് വിടാനും സാധ്യതയുണ്ട്.