SHARE

അമേരിക്കയുടെ ഇതിഹാസ താരം ക്ലിന്റ് ഡെംപ്സി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 35-ാം വയസിലാണ് തന്റെ 15 വർഷം നീണ്ട സീനിയർ കരിയറിന് ഡെംപ്സി വിരാമമിട്ടത്. കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പിലാണ് ഡെംപ്സി വിരമിക്കൽ പ്രഖ്യാപിച്ചത്.

അമേരിക്കക്കായി 141 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ഡെംപ്സി. 57 ​ഗോളുകളും താരം നേടിയിട്ടണ്ട്. അമേരിക്കൻ ദേശീയ ടീമിനായി ഏറ്റവുമധികം ​ഗോൾ നേടിയ കളിക്കാരനെന്ന നേട്ടവും ഡെംപ്സിക്കാണ്. ലണ്ടൻ ഡൊണോവനോടൊപ്പമാണ് ഡെംപ്സി ഈ റിക്കാർഡ് പങ്കുവയ്ക്കുന്നത്. അമേരിക്കക്കായി മൂന്ന് ലോകകപ്പുകളിൽ ബൂട്ടുകെട്ടിയ ഡെംപ്സി മൂന്നിലും ​ഗോൾ നേടിയിട്ടുണ്ട്. അമേരിക്കയുടെ എക്കാലത്തേയും മികച്ച ഫുട്ബോളറെന്ന് ഇ.എസ്.പി.എൻ, ഫോക്സ് സ്പോർട്സ് എന്നീ മാധ്യമങ്ങൾ ഡെംപ്സിയെ വിശേഷിപ്പിച്ചിട്ടുണ്ട്.

അമേരിക്കൻ ക്ലബായ ന്യൂ ഇം​ഗ്ലണ്ട് റവലൂഷനിലൂടെ സീനിയർ അരങ്ങേറ്റം കുറിച്ച ഈ മൂന്നേറ്റതാരം 2007-ൽ ഇം​ഗ്ലീഷ് ക്ലബ് ഫുൾഹാമിലെത്തി. രണ്ട് ഘട്ടമായി ആറ് സീസൺ അവിടെ കളിച്ച ഡെംപ്സി 230-ലേറെ മത്സരം കളിച്ചു. അറുപത് ​ഗോളും സ്വന്തം പേരിൽ കുറിച്ചു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവുമധികം ​ഗോൾ നേടിയ അമേരിക്കൻ താരമെന്ന റിക്കാർഡും ഡെംപ്സിക്ക് തന്നെ. ടോട്ടനം, സിയാറ്റിൽ സോണ്ടേഴ്സ് എന്നീ ക്ലബുകളിലും ഡെംപ്സി കളിച്ചിട്ടുണ്ട്.