SHARE

അന്താരാഷ്ട്ര മത്സരങ്ങൾക്കായി കളിക്കാരെ വിട്ടുകൊടുക്കുന്നതിൽ ക്ലബുകൾക്ക് പൊതുവെ താൽപര്യമില്ല. പ്രത്യേകിച്ച് സീസണിനിടെ നടക്കുന്ന മത്സരങ്ങൾക്ക്. എന്നാൽ സീസൺ അവസാനിച്ച ശേഷം നടക്കുന്ന ടൂർണമെന്റുകളിൽ അതല്ല സ്ഥിതി. സൂപ്പർതാരങ്ങളടക്കം വിവിധ ക്ലബുകളിലുള്ളവർ ദേശീയ ടീം ജേഴ്സിയിൽ പരസ്പരം പോരാടും.

പതിവുപോലെ ഇം​ഗ്ലീഷ് ക്ലബുകളാണ് ഇക്കുറിയും യൂറോയിലേക്ക് കൂടുതൽ കളിക്കാരെയയച്ചത്. ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ഏറ്റുമുട്ടിയ ചെൽസിയും മാ‍ഞ്ചസ്റ്റർ സിറ്റിയും തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ. ഇരുടീമുകളിൽ നിന്ന് 15 താരങ്ങൾ വീതമാണ് യൂറോ കളിക്കാനായി പോകുന്നത്. ഇം​ഗ്ലണ്ട്, ജർമനി, ഫ്രാൻസ് എന്നീ ടീമുകൾക്കായി മൂന്ന് പേർ വിതമാണ് ചെൽസിയിൽ നിന്നുള്ളത്. ഫ്രാൻസിന്റെ എൻ​ഗോളോ കാന്റെ, ഇം​ഗ്ലണ്ടിന്റെ മേസൺ മൗണ്ട്, ജർമനിയുടെ കായ് ഹാവർട്സ്, ഇറ്റലിയുടെ ജോർജീന്യോ, സ്പെയിന്റെ സെസാർ അസ്പിലിക്യുവേറ്റ തുടങ്ങിയവരൊക്കെ ചെൽസിയുടെ ചാമ്പ്യൻസ് ലീ​ഗ് നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഏറ്റവുമധികം കളിക്കാർ പോകുന്നത് ഇം​ഗ്ലണ്ടിന്റേയും സ്പെയിന്റേയും ക്യാംപുകളിലേക്കാണ്. കെയിൽ വാൽക്കർ, റഹീം സ്റ്റർലിങ്, ഫിൽ ഫോഡൻ, ജോൺ സ്റ്റോൺഡസ് എന്നിവർ ഇം​ഗ്ലണ്ടിന്റെ ജേഴ്സിയണിയുമ്പോൾ റോഡ്രി, ഫെറാൻ ടോറസ്, അയ്മെറിക്ക് ലാപോർട്ടെ, എറിക് ​ഗാർസിയ എന്നിവർ സ്പെയിന് വേണ്ടി കളിക്കും. ​ഗാർസിയ ഇപ്പോൾ ബാഴ്സയുടെ താരമാണ്. ബെർണാഡോ സിൽവ, റൂബൻ ഡയസ്, ജാവോ കാൻസെലോ എന്നിവർ സിറ്റിയിൽ നിന്ന് പോർച്ചു​​ഗൽ സ്ക്വാഡിലുണ്ട്. ബെൽജിയത്തിന്റെ കെവിൻ ഡി ബ്രുയൻ, ജർമനിയുടെ ഇൽക്കെ ​ഗുൺഡോവാൻ തുടങ്ങിയവരും സിറ്റി സൂപ്പർതാരങ്ങളാണ്.

കളിക്കാരെ അയക്കുന്നതിൽ രണ്ടാമത് ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചാണ്. 14 പേരാണ് ബയേണിൽ നിന്ന് യൂറോ കളിക്കുന്നത്. ഇതിൽ തന്നെ എട്ട് പേർ ജർമനിയുടെ സ്ക്വാഡിലാണുള്ളത്. നാല് പേർ ഫ്രാൻസിന്റേയും. യുവന്റസിൽ നിന്ന് 12 താരങ്ങൾ വിവിധ ടീമുകൾക്കായി യൂറോ കപ്പ് കളിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 10 താരങ്ങളാണ് ഇക്കുറി യൂറോ കളിക്കാൻ പോകുന്നത്.