SHARE

ഓരോ സീസണുകൾക്ക് മുമ്പും പ്രശസ്ത യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളെല്ലാം തന്നെ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പര്യടനം നടത്താറുണ്ട്‌‌‌. അവിടുത്തെ ലോക്കൽ ക്ലബ്ബുകളുമായി പരിശീലന മത്സരങ്ങൾ കളിക്കാനെത്തുന്ന ഈ ടീമുകളുടെ ലക്ഷ്യം തങ്ങളുടെ ആരാധക പിന്തുണ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, തങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റിയുടെ വളർച്ചയുമാണ്. ഫുട്ബോളിന്റെ ചുവടുപിടിച്ച് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസും ഇത്തരത്തിൽ വിദേശ പര്യടനം നടത്താൻ പദ്ധതിയിട്ടിരുന്നെന്നും, എന്നാൽ കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അതിന് ചുവപ്പ് കൊടി വീശുകയായിരുന്നുവെന്നും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

ഏറ്റവും കൂടുതൽ ആരാധകരുള്ള ഐപിഎൽ ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസ്, അമേരിക്കയിൽ പര്യടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. തങ്ങളുടെ ആരാധക പിന്തുണ അമേരിക്കയിൽ വർധിപ്പിക്കുകയായിരുന്നു ഇത് വഴി അവർ ലക്ഷ്യമിട്ടിരുന്നത്. അവിടുത്തെ ചില ലോക്കൽക്ലബ്ബുകളുമായി പ്രദർശന മത്സരങ്ങൾ കളിക്കാനും, ലോക്കൽ ആരാധകർക്ക് അവരുടെ പ്രിയ ക്രിക്കറ്റ് താരങ്ങളെ കാണാൻ അവസരം നൽകുകയുമായിരുന്നു ഇതിലൂടെ മുംബൈ ഇന്ത്യൻസിന്റെ ലക്ഷ്യം.

ഇതിനായി അനുമതി ആവശ്യപ്പെട്ട് മുംബൈ ഇന്ത്യൻസ്, സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന് കത്തയച്ചു. എന്നാൽ ഇത്തരമൊരു കാര്യം തങ്ങൾ അനുവദിക്കില്ലെന്ന് സി.ഓ.എ മുംബൈ ഇന്ത്യൻസിനെ അറിയിക്കുകയായിരുന്നു. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ ആവശ്യം അപ്പാടെ സി. ഓ.എ തള്ളിക്കളഞ്ഞത് എന്ത് കൊണ്ടാണെന്ന കാര്യം ഇത് വരെ വ്യക്തമായിട്ടില്ല.