SHARE

ഒരു മത്സരം തോറ്റാൽ തന്നെ പരിശീലകനെ മാറ്റുന്നത് ഫുട്ബോളിൽ സംഭവിക്കാറുള്ളതാണ്. എന്നാൽ ഒരു മത്സരം ജയിച്ചതിന്റെ പേരൽ പരിശീലകനെ മാറ്റുന്നത് അത്യപൂർവവും. അതിൽ തന്നെ മറുപടിയില്ലാത്ത 27 ​ഗോളിന് എതിർടീമിനെ തകർത്ത ഒരു ടീമിന്റെ പരിശീലകനെയാണ് പുറത്താക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

സംഭവം സത്യമാണ്. ഇറ്റലിയിലാണ് വിചിത്രമായ ഈ നടപടി അരങ്ങേറിയത്. ഇറ്റലിയിലെ യൂത്ത് ടീമായ ഇൻവിക്ടസാറോയുടെ പരിശീലകൻ മാസിമില്യാനോ റിസീനിയെയാണ് വൻജയത്തിന് പിന്നാലെ ക്ലബ് പൗലോ ബ്രോ​ഗെല്ലി പുറത്താക്കിയത്. യൂത്ത് ലീ​ഗിൽ നിലവിൽ ഒന്നാമതുള്ള ടീമാണ് ഇൻവിക്ടസാറോ. കഴിഞ്ഞ ദിവസം ലീ​ഗിൽ പിന്നിലുള്ള മരീന കാൽസിയോയോയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ​ഗോൾവേട്ട അരങ്ങേറിയത്.

ലീ​ഗിൽ താഴയുള്ള ടീമിനാണ് ഒരു തരത്തിലുള്ള ബഹുമാനവും കാണിക്കാതെയാണ് സ്വന്തം ടീം ​ഗോളടിച്ചുകൂട്ടയത് എന്ന് തോന്നിയതിനാലാണ് ബ്രോ​​ഗെല്ലി പരിശീലകനെ പുറത്താക്കിയത്. കാൽസിയോ ലീ​ഗിൽ പിന്നാലാണെന്നത് മാത്രവുമല്ല, ​ഗോളിക്കുൾപ്പെടെ ഒട്ടേറെ പേർക്ക് പരുക്കേറ്റ സാഹചര്യത്തിൽ, വേറെ പൊസിഷനിൽ കളിക്കുന്ന താരമാണ് കാൽസിയോയുടെ ​ഗോളി നിന്നതെന്നും ഇൻവിക്ടസാറോ കണക്കിലെടുത്തില്ലെന്ന് ബ്രോ​ഗെല്ലി സ്വന്തം ടീമിനെ കുറ്റപ്പെടുത്തി.

കളിക്ക് പിന്നാലെ ബ്രോ​ഗെല്ലി, എതിർ ടീമിനോട മാപ്പ് പറയുകയും ചെയ്തു. കളി പഠിപ്പിക്കുന്നതിനൊപ്പം ചില മൂല്യങ്ങളും പരിശീലകൻ യുവതാരങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നും ബ്രോ​ഗെല്ലി വ്യക്തമാക്കി.