SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ കാണികളെത്തുന്ന സ്റ്റേഡിയമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ് റു അന്താരാഷ്ട്ര സ്റ്റേഡിയം. ഈ മാസം 20 ന് കൊച്ചിയിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്-എടികെ മത്സരം കാണാൻ 36000 ലധികം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ മത്സരം കാണാൻ പൈസ മുടക്കി ടിക്കറ്റ് എടുത്തെത്തുന്ന ആരാധകർക്ക് വലിയ ചൂഷണമാണ് സ്റ്റേഡിയത്തിനുള്ളിൽ നേരിടേണ്ടി‌ വന്നത്. ഒരു കുപ്പി വെള്ളം യഥാർത്ഥ വിലയുടെ മൂന്നിരട്ടി തുകയ്ക്കാണ് സ്റ്റേഡിയത്തിനുള്ളിൽ വിൽക്കപ്പെട്ടത്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന‌ നീക്കംസംഘാടകരുടെ ഭാഗത്ത് നിന്ന് വന്നതോടെ അവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്.

കൊച്ചിയിൽ നടന്ന ഈ സീസൺ ഐ എസ് എല്ലിലെ ഉദ്ഘാടന മത്സരത്തിൽ ബിസ് ലെരിയുടെ മിനറൽ വാട്ടർ ഒന്നിന് 60 രൂപ നിരക്കിലാണ് സ്റ്റേഡിയത്തിനുള്ളിൽ വിറ്റത്. ഇതിന്റെ ശരിക്കുമുള്ള വില 20 രൂപ മാത്രമാണ്. സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പി വെള്ളം പ്രവേശിപ്പിക്കില്ല എന്നതിനാൽ മൂന്നിരട്ടി തുക മുടക്കി‌ സ്റ്റേഡിയത്തിനുള്ളിൽ ലഭിക്കുന്ന വെള്ളം വാങ്ങാൻ കാണികൾ നിർബന്ധിതരാവുകയായിരുന്നു. വെള്ളത്തിന്റെ കാര്യത്തിൽ മാത്രമല്ല സ്റ്റേഡിയത്തിനുള്ളിൽ കച്ചവടക്കാരുടെ കഴുത്തറപ്പൻ നിരക്കുണ്ടായിരുന്നത്. സമൂസ, തണ്ണിമത്തൻ ജ്യൂസ് മുതലായവയ്ക്കും വൻ നിരക്കാണ് സ്റ്റേഡിയത്തിനുള്ളിൽ ചുമത്തിയിരുന്നത്. പുറത്ത് 20 രൂപയുള്ള ഇവയ്ക്ക് 50 രൂപയാണ് സ്റ്റേഡിയത്തിനുള്ളിലെ നിരക്ക്.

കൊച്ചിയിലെ ആദ്യ ഐ എസ് എൽ മത്സരം കഴിഞ്ഞപ്പോൾ തന്നെ സ്റ്റേഡിയത്തിനുള്ളിലെ ഈ കഴുത്തറുപ്പൻ നിരക്കുകളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. സംഭവത്തിൽ നിരവധി ആൾക്കാർ സോഷ്യൽ മീഡിയയിലൂടെയും, അല്ലാതെയും പരാതികളുമായി മുന്നോട്ട് വന്നതോടെ ജില്ലാ കളക്ടറും സംഭവത്തിൽ ഇടപെടുകയായിരുന്നു. ഇത്തരമൊരു തീവെട്ടിക്കൊള്ള നടത്തുന്ന സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിന് അദ്ദേഹം നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.