SHARE

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ പകരക്കാരനായി ഫീൽഡിംഗിനിറങ്ങി ഇംഗ്ലണ്ട് ടീമിന്റെ സഹപരിശീലകനും, മുൻ നായകനുമായ പോൾ കോളിംഗ് വുഡ്. മത്സരത്തിനിടെ ഇംഗ്ലണ്ട് പേസർമാരായ മാർക്ക് വുഡ്, ജോഫ്ര ആർച്ചർ എന്നിവർക്ക് പരിക്കേറ്റതോടെയാണ് ഫീൽഡിംഗിനിറങ്ങാൻ കോളിംഗ് വുഡ് നിർബന്ധിതനായത്. 2010 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച കോളിംഗ് വുഡ് ഒരിക്കൽക്കൂടി മൈതാനത്തെത്തിറങ്ങിയത് ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്.

ഓസീസിനെതിരായ മത്സരത്തിനിടെ രണ്ട് ഇംഗ്ലണ്ട് താരങ്ങൾക്കാണ് പരിക്ക് പറ്റിയത്. പിൻ തുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് നാലാം ഓവറിൽ മാർക്ക് വുഡ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയപ്പോൾ, ഡീപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റാണ് ആർച്ചർ ഗ്രൗണ്ട് വിട്ടത്. ടീമിലെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റതോടെ ഇംഗ്ലണ്ടിന്റെ ഫീൽഡിംഗ് പരിശീലകനായ കോളിംഗ് വുഡ് ടീം ജേഴ്സിയണിഞ്ഞ് ഗ്രൗണ്ടിലേക്കെത്തി. കളിയിൽ നിന്ന് വിരമിച്ചിട്ട് നാളേറെയായെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ താനിപ്പോളും പുലിയായെന്ന് തെളിയിക്കുന്നതായിരുന്നു കോളിംഗ് വുഡിന്റെ ഗ്രൗണ്ടിലെ പ്രകടനം.

2001-2011 കാലഘട്ടത്തിൽ ഇംഗ്ലണ്ടിന് വേണ്ടി 197 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കോളിംഗ് വുഡ്. ഇത്രയും മത്സരങ്ങളിൽ നിന്ന് അയ്യായിരത്തിലധികം റണ്ണുകളും, 111 വിക്കറ്റുകളും നേടിയിട്ടുള്ള ഈ നാൽപ്പത്തിരണ്ടുകാരൻ, 68 ടെസ്റ്റ് മത്സരങ്ങളും, 36 ടി20 മത്സരങ്ങളും അന്താരാഷ്ട്ര തലത്തിൽ കളിച്ചിട്ടുണ്ട്.