SHARE

റയല്‍ മാഡ്രിഡിനായി കളിക്കാന്‍ താന്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്നുവെന്ന് കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്. നിലവില്‍ ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് റോഡ്രിഗസ്. റയലിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഈ സീസണില്‍ മാറാന്‍ ഉദ്ദേശമില്ലെന്നും റോഡ്രിഗസ് വ്യക്തമാക്കി. കുട്ടിക്കാലം മുതലേ റയലിന്റെ വെള്ള ജേഴ്‌സിയില്‍ കളിക്കാന്‍ താന്‍ ഇഷ്ടപെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ല്‍ റയലിലെത്തിയ റോഡ്രിഗസിനു ടീമില്‍ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. 77 മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് റയലിനായി കളത്തിലിറങ്ങാന്‍ സാധിച്ചത്. സൂപ്പര്‍ താരങ്ങളുടെ അധിപ്രസരം തന്നെയായിരുന്നു ഇതിനു കാരണം. ഇതെ തുടര്‍ന്ന് 2017 ലാണ് കരാര്‍ അടിസ്ഥാനത്തില്‍ റോഡ്രിഗസ് ജര്‍മ്മന്‍ ക്ലബ്ബിലെത്തുന്നത്.

ക്ലബ് വിട്ടതില്‍ അതിയായ സങ്കടമുണ്ടെന്നും റയല്‍ എപ്പോഴും തന്റെ സ്വപ്ന ടീമായിരുനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ റയലിന്റെ കളി കാണാന്‍ ശ്രമിക്കും. 2014 ലോകകപ്പില്‍ സുവര്‍ണ പാദുകം കരസ്ഥമാക്കിയ താരമാണ് റോഡ്രിഗസ്. കൊളംബിയക്കായ് 66 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് ഈ മധ്യനിര താരം നേടിയത്.