SHARE

ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ കൊളംബിയയ്‌ക്കെതിരെ നടന്ന മത്സരം വിജയിച്ച് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം. 6ാം മിനുട്ടില്‍ ഷിന്‍ജി കഗാവയും 73ാം മിനുട്ടില്‍ യൂയാ ഒസാകോയുമാണ് ജപ്പാന് വേണ്ടി ഗോള്‍ നേടിയത്. കൊളംബിയയുടെ ഏക ഗോള്‍ ജുവാന്‍ ക്വിന്റേറയുടെ വകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കൊളംബിയന്‍ പ്രതിരോധതാരം കാര്‍ലോസ് സാഞ്ചസ് ചുവപ്പു കാര്‍ഡ് കണ്ടു മടങ്ങിയിരുന്നു.

കളി തുടങ്ങി മൂന്നാം മിനുട്ടില്‍ ജപ്പാന്‍ മികച്ചൊരു മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ ഗോളിലേക്കുള്ള ജപ്പാന്‍ താരത്തിന്റെ ഷോട്ട് പ്രതിരോധതാരം കാര്‍ലോസ് സാഞ്ചസ് കൈകൊണ്ട് തടുത്തിട്ടു. റഫറി സാഞ്ചസിന് ചുവപ്പു കാര്‍ഡ് കാണിക്കുകയും ജപ്പാന് പെനാല്‍ട്ടി അനുവദിക്കുകയും ചെയ്തു. കിക്കെടുത്ത് ഷിന്‍ജി കഗാവ അനായാസം ജപ്പാനെ മുന്നിലെത്തിച്ചു. 39ാം മിനുട്ടില്‍ ഫ്രീ കിക്കിലൂടെയാണ് കൊളംബിയ തിരിച്ചടിച്ചത്. താഴ്ത്തിയടിച്ച ജുവാന്‍ ക്വിന്റേറയുടെ കിക്ക് ജപ്പാന്‍ ഗോള്‍ കീപ്പര്‍ തടുത്തെങ്കിലും പന്ത് ഗോള്‍വര കടന്നിരുന്നു. തുടക്കം മുതല്‍ 10 പേരായി ചുരുങ്ങിയ കൊളംബിയ അതോടെ ആദ്യ പകുതി ആശ്വാസത്തോടെ അവസാനിപ്പിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ 59 മിനുട്ട് പിന്നിട്ടപ്പോള്‍ ഗോള്‍ സ്‌കോറര്‍ ക്വിന്റേറയെ പിന്‍വലിച്ച് കൊളംബിയന്‍ കോച്ച് പെകര്‍മാന്‍ ജോസ് സൂപ്പര്‍ താരം ജെയിംസ് റൊഡ്രീഗ്വസിനെ കളത്തിലിറക്കി. എന്നാല്‍ പത്തുപേരായി കളി തുടര്‍ന്ന കൊളംബിയ 73ാം മിനുട്ടില്‍ മത്സരത്തിലെ രണ്ടാം ഗോള്‍ വഴങ്ങി. ഒസാക്കോയാണ് ജപ്പാന് വേണ്ടി ഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ കൊളംബിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും അവര്‍ക്കതിന് സാധിച്ചില്ല. മത്സരത്തില്‍ ജപ്പാന്‍ വിജയികക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്നത്.