SHARE

ഈ സീസണിലെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് കിരീടം ഇമ്രുൽ കയേസ് നയിച്ച കോമില്ല വിക്ടോറിയൻസിന്. കലാശപ്പോരാട്ടത്തിൽ‌ ഷകീബ് അൽഹസൻ നയിച്ച ധാക്ക ഡൈനാമിറ്റ്സിനെ 17 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. 61 പന്തിൽ 141 റൺസ് നേടി പുറത്താകാതെ നിന്ന തമീംഇഖ്ബാലാണ് കോമില്ലയുടെ വിജയശില്പി. 11 സിക്സറുകളാണ് താരം പറത്തിയത്‌. സ്കോർ : കോമില്ല വിക്ടോറിയൻസ് – 199/3 (20 ഓവർ), ധാക്ക ഡൈനാമിറ്റ്സ് – 182/9 (20 ഓവർ).

മത്സരത്തിൽ ടോസ് നേടിയ ധാക്ക ഡൈനാമിറ്റ്സ്, എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം മുതൽ ആഞ്ഞടിച്ച തമീംഇഖ്ബാൽ ഒറ്റയ്ക്കാണ് കോമില്ലയെ കൂറ്റൻസ്കോറിലെത്തിച്ചത്. 61 പന്തിൽ 10 ബൗണ്ടറികളും, 11 കൂറ്റൻ സിക്സറുകളുമടക്കം 141 റൺസ് നേടിയ തമീം‌ മത്സരത്തിൽ പുറത്താകാതെ നിന്നു.

കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ധാക്കയ്ക്ക് വേണ്ടി ഓപ്പണർ ഉപുൽ തരംഗ 27 പന്തിൽ 48 റൺസെടുത്ത് മികച്ച തുടക്കം നൽകി. 38 പന്തിൽ 66 റൺസ് നേടിയ റോണി തലുക്ദാറും, തരംഗയും ചേർന്ന് രണ്ടാം വിക്കറ്റിൽ 52 പന്തിൽ 102 റൺസ് നേടിയെങ്കിലും ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ധാക്ക തകരുകയായിരുന്നു. പിന്നീട് ഒരിക്കൽപ്പോലും മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിയാതിരുന്ന ധാക്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് വരെ നേടാനേ കഴിഞ്ഞുള്ളൂ.