SHARE

വിഖ്യാത പരിശീലകൻ അന്റോണിയോ കോണ്ടെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇം​ഗ്ലീഷ് ക്ലബ് ടോട്ടനവുമായി കോണ്ടെ ചർച്ചകൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ ഈ ചർച്ചകൾക്ക് അധികം ആയുസുണ്ടായില്ല. കോണ്ടെ തന്നെ ടോട്ടനത്തോട് നോ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

ഇതേക്കുറിച്ച് കോണ്ടെ ഇപ്പോൾ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്. പൊതുവെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് എനിക്കിഷ്ടമാണ്, കരിയറിൽ പലപ്പോഴും ഞാൻ അത്തരം വെല്ലുവിളികൾ സ്വീകരിച്ചിട്ടുമുണ്ട്, പലപ്പോഴും ഞാനെത്തുന്നത് മികച്ച് ക്ലബുകളിലാണെങ്കിലും, ആ സമയം അവർ ഫേവറിറ്റുകളായിരിക്കില്ല, പക്ഷെ ആ ക്ലബിന്റെ പദ്ധതികൾ എന്നെ തൃപ്തനാക്കിയിട്ടുണ്ടാകും, എന്നാൽ എന്നെ ഒരു തരത്തിലും തൃപ്തിപ്പെടുത്താത്ത പദ്ധതികളുള്ള ക്ലബുകളെ സ്വീകരിക്കാൻ എനിക്കാകില്ല, അതിനി എത്ര പണം ഓഫർ ചെയ്താലും, കോണ്ടെ ഇറ്റാലിയൻ പത്രമായ ലാ ​ഗസെറ്റാ ഡെല്ലോ സ്പോർട്ടിനോട് പറഞ്ഞു.

കോണ്ടെ ഒഴിവായതോടെ പരിശീലകനായുള്ള ടോട്ടനത്തിന്റെ തിരച്ചിൽ തുടരുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പോർച്ചു​ഗീസ് പരിശീലകൻ പൗളോ ഫോൻസേകയുമായി ടോട്ടനം ചർച്ച തുടങ്ങി. ഇറ്റാലിയൻ ക്ലബ് എ.എസ്.റോമയെയാണ് ഫോൻസേക ഒടുവിൽ പരിശീലിപ്പിച്ചത്.