ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റ പരിശീലകസ്ഥാനത്ത് അന്റോണിയോ കോണ്ടെ തുടരുമോയെന്ന കാര്യത്തിൽ ആശങ്ക. ക്ലബ് തൃപ്തരല്ലെങ്കിൽ താൻ സ്ഥാനമൊഴിയുമെന്ന് കോണ്ടെ പറഞ്ഞതോടെയാണ് ഇത്തരമൊരു ആശങ്ക വളരുന്നത്. കോണ്ടെ ക്ലബ് വിട്ടേക്കുമെന്ന അഭ്യഹങ്ങൾ പടരുന്നതിനിടെയാണ് അദ്ദേഹം തന്നെ ഇങ്ങനെ പറഞ്ഞതെന്നതും ശ്രദ്ധേയം.
ഇന്ററിനൊപ്പം മൂന്ന് വർഷത്തെ പദ്ധതിക്കാണ് ഞാൻ എത്തിയത്, ക്ലബിനെ പഴയ മികവിലേക്ക് ഉയർത്താമെന്ന വിശ്വാസവും എനിക്കുണ്ട്. എന്നാൽ അത് എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. എന്റെ പ്രവർത്തനത്തിൽ ഇപ്പോൾ ക്ലബ് തൃപ്തരാണെന്നാണ് ഞാൻ കരുതുന്നത്, അങ്ങനെയെങ്കിൽ ഇത് മുന്നോട്ടുപോകും, അതല്ല ക്ലബ് എന്നിൽ തൃപ്തരല്ലെങ്കിൽ സ്ഥാനമൊഴിയാൻ എനിക്ക് മടിയില്ല, കോണ്ടെ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
ഈ സീസൺ തുടക്കത്തിലാണ് കോണ്ടെ ഇന്ററിലെത്തുന്നത്. ക്ലബിനൊപ്പം മികച്ച തുടക്കവും കോണ്ടെയ്ക്ക് ലഭിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ ക്ലബിന് തിരിച്ചടി നേരിട്ട് കിരീടപ്പോരാട്ടത്തിൽ പിന്നാക്കം പോയി. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്റർ ഇപ്പോൾ യൂറോപ്പാ ലീഗിലാണ് കളിക്കുന്നത്.