SHARE

കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇക്വഡോറിനെ തകർത്ത് ഉറുഗ്വായ്. സൂപ്പർ താരങ്ങളായ എഡിസൺ കവാനിയും, ലൂയി സുവാരസും ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഏകപക്ഷീയമായ 4 ഗോളുകൾക്കാണ് ഉറുഗ്വായ് ജയം കണ്ടത്. കളിയുടെ ആദ്യ പകുതിയിൽ ഉറുഗ്വായ് 3-0 ന് മുന്നിട്ട് നിന്നു.

കളി തുടങ്ങി ആറാം മിനുറ്റിൽ ഉറുഗ്വായ് മുന്നിലെത്തി. സുവാരസിന്റെ അസിസ്റ്റിൽ നിന്ന് ലെഡെയ് റോ ആയിരുന്നു ഗോൾ നേടിയത്. മുപ്പത്തി മൂന്നാം മിനുറ്റിൽ ഡിയഗോ ഗോഡിൻ നൽകിയ പന്തിൽ നിന്ന് കവാനിയും, നാൽപ്പത്തിനാലാം മിനുറ്റിൽ ലൂയി സുവാരസും നേടിയ ഗോളുകൾ ആദ്യ പകുതിയിൽത്തന്നെ ഉറുഗ്വായെ 3-0 ന് മുന്നിലെത്തിച്ചു‌. എഴുപത്തിയെട്ടാം മിനുറ്റിൽ മിനയുടെ സെൽഫ് ഗോൾ കൂടി വീണതോടെ ഇക്വഡോർ പതനം പൂർത്തിയായി.

കോപ്പ അമേരിക്കയിൽ ഇന്നലെ നടന്ന മറ്റൊരു പോരാട്ടത്തിൽ ഏഷ്യൻ രാജ്യമായ ഖത്തർ, പരാഗ്വെയെ സമനിലയിൽ കുരുക്കി. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന മത്സരത്തിലാണ് ഏഷ്യൻ ചാമ്പ്യന്മാരുടെ ആവേശ സമനില. നാലാം മിനുറ്റിൽ ഓസ്കാർ കാർഡോസും, അൻപത്തിയാറാം മിനുറ്റിൽ ഡെർലിസ് ഗോൺസാല്വസും നേടിയ ഗോളുകളിൽ പരാഗ്വെ 2-0 ന് മുന്നിട്ട് നിന്നെങ്കിലും, 68-ം മിനുറ്റിൽ അൽമോസ് അലി നേടിയ ഗോളും, 77-ം മിനുറ്റിൽ ജുവാൻ റൊഡ്രീഗോ ദാനം നൽകിയ സെൽഫ് ഗോളും ഖത്തറിന് വിജയതുല്യമായ സമനില നേടിക്കൊടുക്കുകയായിരുന്നു.