SHARE

കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സലോണ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എസ്പാന്യോളിനെ തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ സെമി പ്രവേശം. എസ്പാന്യോളിന്റെ മൈതാനത്ത്, ആദ്യ പാദ ക്വാര്‍ട്ടറില്‍ പരാജയം നേരിട്ട ശേഷമാണ് ബാഴ്‌സയുടെ തിരിച്ചുവരവ്.

ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ, രണ്ടാം പാദത്തില്‍ വിജയിക്കണമെന്നുറച്ചാണ് സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ ബാഴ്‌സ കളിക്കാനിറങ്ങിയത്. എതിരില്ലാത്ത് രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. ഒമ്പതാം മിനിറ്റില്‍ ലൂയിസ് സുവാരസും, 25-ാം മിനിറ്റില്‍ ലയണല്‍ മെസിയുമാണ് ഗോളുകള്‍ നേടിയത്. മെസിയുടെ, ഗോളോടെ ന്യൂ കാമ്പില്‍ ബാഴ്‌സ നേടുന്ന ഗോളുകള്‍ 4000 എന്ന നാഴികക്കല്ല് പിന്നിട്ടു.

മത്സരത്തില്‍ അവസാന ഇരുപത് മിനിറ്റില്‍ ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പകരക്കാരനായി ഫിലിപ്പ് കുട്ടിന്യോ അരങ്ങേറ്റം കുറിച്ചു. മത്സരത്തിന് മുന്നോടിയായി, ക്ലബ് വിടുന്ന അര്‍ജന്റൈന്‍ താരം ഹെവിയര്‍ മഷറാനോ ഗ്രൗണ്ടിലിറങ്ങി ആരാധകരോട് വിടവാങ്ങല്‍ നടത്തി. ചൈനീസ് ലീഗിലെ ഹെബെ ചൈന ഫോര്‍ച്ച്യൂണിലേക്കാണ് മഷറാനോ പോകുന്നത്. മുൻ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ മാനുവല്‍ പെല്ലഗ്രിനിയാണ് ഫോര്‍ച്യൂണിന്റെ പരിശീലകന്‍.