SHARE

കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വഷളായതോടെ കോപ്പാ ലിബർട്ടഡോസ് ഫൈനലിന്റെ രണ്ടാം പാദ മത്സരം മാറ്റിവെച്ചു. റിവർപ്ലേറ്റിന്റെ മൈതാനത്ത് നടക്കേണ്ട മത്സരമാണ് ആരാധകരും പോലീസും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് മാറ്റിവെച്ചത്. ഇതോടെ ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒന്നരയ്ക്ക് നടക്കേണ്ടിയിരുന്ന മത്സരം ഇന്ന് രാത്രി അതേസമയത്ത് തന്നെ നടക്കും.

കഴിഞ്ഞയാഴ്ച ബോക്കാ ജൂനിയേഴ്സന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ബോക്കയും റിവർ പ്ലേറ്റും രണ്ട് ​ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. ഇതോടെ രണ്ടാം പാദം ആവേശം നിറഞ്ഞതാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ മത്സരത്തിനായി എത്തിയ ബോക്കാ ടീമിന്റെ ബസ് റിവർപ്ലേറ്റ് ആരാധകർ തകർത്തു. കുപ്പി അടക്കമുള്ള വസ്തുക്കൾ ബസിന് നേരെ എറിഞ്ഞു. ഇതിലൂടെ പലപ്പോഴും ബസിന്റെ ചില്ലുകൾ പൊട്ടുകയും കളിക്കാരടക്കമുള്ളവർക്ക് പരിക്കേൽക്കുയും ചെയ്തു. കളിക്കാരുടെ കണ്ണിനും മുഖത്തുമാണ് പരിക്കേറ്റത്

തുടർന്ന് അക്രമാസക്തരായ റിവർപ്ലേറ്റ് ആരാധകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു. എന്നാൽ പൊട്ടിയ ചില്ലുകൾക്കിടയിലൂടെ ഇവ ബസിലും വ്യാപിച്ചു. ഇത് കളിക്കാർക്ക് അസ്വസ്ഥത സൃഷ്ടിച്ചു. ബോക്കയുടെ സൂപ്പർ താരം കാർലോസ് ടെവെസ് അടക്കമുള്ളവർക്ക് ഛർദിലും മറ്റും അനുഭവപ്പെട്ടു.

മത്സരം ഇന്നത്തേക്ക് മാറ്റിവെച്ചതായി സ്ഥിരീകരിച്ചെന്നാണ് ഒടുവിലെ റിപ്പോർട്ട്. എന്നാൽ തന്നെ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമോ മത്സരം എന്ന കാര്യത്തിൽ വ്യക്തതയില്ല. പുറത്ത് ഇത്രയും അക്രമാസക്തമായ സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ ആരാധകരെ പ്രവേശിപ്പിക്കാതിരിക്കാനും സാധ്യതയുണ്ട്.