SHARE

കോറോ 4-1 കേരളം, പറഞ്ഞു വരുന്നത് രണ്ട് ടീമുകൾ തമ്മിലുള്ള മത്സര ഫലത്തെക്കുറിച്ചല്ല, മറിച്ച് ഈ സീസണിൽ കോറോയെന്ന എഫ് സി ഗോവൻ താരം ഒറ്റയ്ക്ക് നേടിയതും കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ താരങ്ങളും കൂടി നേടിയ ഗോൾ എണ്ണത്തിന്റെ കണക്കാണത്. അതെ നാലാംസീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ മാത്രം നേടാൻ കഴിഞ്ഞ കേരളം ഇന്ന് മത്സരിക്കാനിറങ്ങുന്നത് ഈ സീസണിൽ ഇതിനോടകം നാല് ഗോളുകൾ സ്കോർ ചെയ്ത ഫെറാൻ കോറോമിനസ് എന്ന കോറോ മുന്നേറ്റം നയിക്കുന്ന എഫ് സി ഗോവയോടാണ്.

നാലാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അക്കൗണ്ട് തുറന്നത് കഴിഞ്ഞ മത്സരത്തിലെ മാർക്ക് സിഫ്നിയോസിന്റെ ഗോളായിരുന്നു. ആ ഒരൊറ്റ ഗോൾ മാത്രമാണ് ഈ സീസണിൽ കേരളത്തിന് ആകെ ആശ്വസിക്കാനായുള്ളത്. ദിമിറ്റർ ബെർബറ്റോവിനെയും, ഇയാൻ ഹ്യൂമിനെയും, സി കെ വിനീതിനെയും പോലെ പേരു കേട്ട താരങ്ങൾ മുന്നേറ്റത്തിലുള്ള ടീമാണ് കേരളമെന്നത് ഇതിനോട് ചേർത്ത് വായിക്കണം. മറു വശത്ത് ഗോവൻ ആക്രമണം എല്ലാ വർഷങ്ങളിലേയും പോലെ സുശക്തമാണ്. 4 ഗോളുകൾ നേടിയ കോറോ നയിക്കുന്ന ഗോവൻ മുന്നേറ്റ നിര മൂന്ന് മത്സരങ്ങളിലായി എട്ട് തവണയാണ് എതിരാളികളുടെ വല കുലുക്കിയത്. ബംഗളൂരു എഫ് സിക്കും, ചെന്നൈയൻ എഫ് സി ക്കും തൊട്ടു പിറകിൽ ഈ സീസണിൽ ഇതേ വരെ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത മൂന്നാമത്തെ ടീമാണ് ഗോവ.

4 ഗോളുകൾ അക്കൗണ്ടിലുള്ള കോറോ ബെംഗളൂരു എഫ് സി ക്കെതിരെയുള്ള മത്സരത്തിൽ സീസണിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളിൽ ആറു പോയിന്റുമായി നാലാം സ്ഥാനത്തുള്ള എഫ് സി ഗോവയും, അത്രയും തന്നെ മത്സരങ്ങളിൽ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റ് മുട്ടുമ്പോൾ എഫ് സി ഗോവയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻ തൂക്കം. ഗോവയെപ്പോലെ ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമിനെതിരെ മത്സരിക്കുമ്പോൾ കേരളത്തിനും ആക്രമണം കെട്ടഴിച്ച് വിട്ടേ മതിയാകൂ. അതല്ലെങ്കിൽ ഇന്നത്തെ കളി കഴിയുമ്പോളും മുകളിലത്തെ തലക്കെട്ടിൽ കേരളത്തിനൊപ്പം കിടക്കുന്ന സംഖ്യയിൽ മാറ്റമൊന്നും വരില്ലെന്നത് ഉറപ്പ്.