SHARE

ഇന്ത്യൻ പ്രീമിയർ ലീഗ് വലുതാവുകയാണ്. അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് രണ്ട് ടീമുകൾ കൂടിയെത്തിയതോടെ അടുത്ത വർഷം മുതൽ ഐപിഎല്ലിൽ മത്സരിക്കുന്ന ഫ്രാഞ്ചൈസികളുടെ എണ്ണം പത്താകും‌. ഇന്നലെ ദുബായിൽ നടന്ന ബിഡ്ഡിംഗിൽ ഏറ്റവും ഉയർന്ന ബിഡ് തുക‌ സമർപ്പിച്ച ആർ പി എസ് ജി ഗ്രൂപ്പും, സിവിസി ക്യാപിറ്റൽസുമാണ് പുതിയ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥരായിരിക്കുന്നത്. 7090 കോടി രൂപ മുടക്കി ലക്നൗ ടീമിനെ ആർ പി എസ് ജി ഗ്രൂപ്പ് വാങ്ങിയപ്പോൾ, അഹമ്മദാബാദ് ടീമിനായി 5600 കോടി രൂപയാണ് സിവിസി മുടക്കുന്നത്. ഐപിഎൽ ഫ്രാഞ്ചൈസികൾ ഇത്ര ഉയർന്ന തുകക്ക് വിറ്റ് പോയത് ക്രിക്കറ്റ് ലോകത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ഈയവസരത്തിൽ ഐപിഎല്ലിൽ ഇതു വരെ വന്നിട്ടുള്ള എല്ലാ ടീമുകളുടേയും വില ഒന്നു പരിശോധിക്കാം.

950 മില്ല്യൺ യു എസ് ഡോളറാണ് ലക്നൗ ആസ്ഥാനമായുള്ള ഐപിഎൽ ഫ്രാഞ്ചൈസിയുടെ വില. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയായും അവർ മാറി. രണ്ടാം സ്ഥാനത്തുള്ളത് സിവിസി ക്യാപിറ്റൽസിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസിയാണ്. 710 മില്ല്യൺ യു എസ് ഡോളറാണ് ഈ‌‌‌ ടീമിന്റെ വില. ഐപിഎല്ലിലെ വിലയേറിയ ടീമുകളിൽ 3, 4 സ്ഥാനങ്ങളിൽ പൂനെ വാരിയേഴ്സ് ഇന്ത്യയും, കൊച്ചി ‌ടസ്കേഴ്സ് കേരള യുമാണുള്ളത്. 2011 സീസണ് മുൻപ് യഥാക്രമം 370, 333.3 മില്ല്യൺ യു എസ് ഡോളറിനാണ് ഈ ‌ടീമുകൾ വിറ്റു പോയത്. നിലവിൽ ഈ രണ്ട് ഫ്രാഞ്ചൈസികളും ഐപിഎല്ലിലില്ല എന്നതും ശ്രദ്ധേയമാണ്.

ഐപിഎല്ലിലെ ‌മറ്റ് ഫ്രാഞ്ചൈസികളുടെ വില ഇങ്ങനെ,

  1. മുംബൈ ഇന്ത്യൻസ് – 111.9 മില്ല്യൺ യുഎസ് ഡോളർ
  2. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 111.6 മില്ല്യൺ യുഎസ് ഡോളർ
  3. ഡെക്കാൻ ചാർജേഴ്സ് – 107 മില്ല്യൺ യുഎസ് ഡോളർ
  4. ചെന്നൈ‌ സൂപ്പർ കിംഗ്സ് – 91 മില്ല്യൺ യുഎസ് ഡോളർ
  5. ഡെൽഹി ക്യാപിറ്റൽസ് – 84 മില്ല്യൺ യുഎസ് ഡോളർ
  6. സൺ റൈസേഴ്സ് ഹൈദരാബാദ് – 79.5 മില്ല്യൺ യുഎസ് ഡോളർ (അഞ്ച് വർഷ കരാർ)
  7. പഞ്ചാബ് കിംഗ്സ് (76 മില്ല്യൺ യുഎസ് ഡോളർ)
  8. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (75.1 മില്ല്യൺ യുഎസ് ഡോളർ)
  9. രാജസ്ഥാൻ റോയൽസ് – 67 മില്ല്യൺ യുഎസ് ഡോളർ.