SHARE

ഒരു ​ഗോൾ തോൽവി നേരിട്ടെങ്കിലും ഐ.എസ്.എല്ലിലെ ഉദ്ഘാടനമത്സരം കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം പകരുന്നതാണ്. കാരണം കരുത്തുറ്റ, പരിചയസമ്പത്തുള്ള, കുറേനാളുകളായി ഒന്നിച്ചുകളിക്കുന്ന എ.ടി.കെ മോഹൻ ബ​ഗാനെതിരെ ഉശിരൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ആദ്യ ഇലവനിലിറങ്ങിയ ​ഗാരി ഹൂപ്പർ ഒഴികെയുള്ള വിദേശതാരങ്ങളും സഹലൊഴികെയുള്ള ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറ്റവും കിടിലൻ പ്രകടനം പുറത്തെടുത്തത് സിംബാവെ സെന്റർ ബാക്ക് കോസ്റ്റ നമോയ്നേസുവാണ്. കിടിലൻ ടാക്കിളുകളും, ബ്ലോക്കുകളുമായി പ്രതിരോധക്കോട്ട കാത്ത കോസ്റ്റ, പലപ്പോഴും എതിർ സൂപ്പർതാരം റോയ് കൃഷ്ണയെ പൂട്ടുകയും ചെയ്തു. പിന്നിൽ നിന്ന് മികച്ച പാസുകളും കോസ്റ്റയുടെ വകയായി പിറന്നു. കോസ്റ്റയ്ക്കൊപ്പം പ്രതിരോധകോട്ടകെട്ടിയ ബുർക്കിനാ ഫാസോ താരം ബക്കാരെ കോണെയും മികച്ചുനിന്നു. വരും മത്സരങ്ങളിൽ ഇരുവരും ചേർന്നുള്ള സെന്റർ ബാക്ക് ജോഡി കൂടുതൽ മികവ് പുലർത്തുമെന്നാണ് ആരാധക പ്രതീക്ഷ.

മധ്യനിരയിലെ സ്പാനിഷ് താരങ്ങളായ സെർജി സിഡോഞ്ചയും വിസെന്റെ ​ഗോമസും മികച്ചുനിന്നു. എ.ടി.കെയുടെ ​ഗോളിന് വഴിവെച്ച ഒരു നിർഭാ​ഗ്യകരമായ പിഴവാണ് സിഡോയ്ക്ക് തിരിച്ചടിയായത്. ഇതൊഴിച്ചുനിർത്തിയാൽ ഇരുവരും ചേർന്ന് ബ്ലാസ്റ്റേഴ്സ് മധ്യനിരയെ നിയന്ത്രിച്ചു. മികച്ച പാസുകളും ഇവർ മുന്നിലേക്ക് നൽകിയെങ്കിലും അത് പിടിച്ചെടുക്കാൻ സഹതാരങ്ങൾക്കായില്ല.

​ഗോളടിവീരനെന്ന പേരുകേട്ട ​ഗാരി ഹൂപ്പറിന് നിരാശ പകർന്നതാണ് കരേള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ മത്സരം. സഹലിൽ നിന്ന് കാര്യമായ പിന്തുണ കിട്ടതാകുകയും, എ.ടി.കെയുടെ ടിരി, സന്ദേശ് ജിം​ഗൻ എന്നിവരടങ്ങിയ പ്രതിരോധനിര എപ്പോഴും ചുറ്റും കൂടുകയും ചെയ്തതാണ് ഹൂപ്പറിന് വിനയായത്.

ഇന്ത്യൻ താരങ്ങളിൽ ജെസ്സൽ കാർനെയ്റോയും നോങ്ഡമ്പ നവോറെമും മികച്ചുനിന്നു. ഇടതുവിങ്ങിലൂടെ നിരന്തരം മുന്നേറ്റം നടത്താൻ ഇരുവർക്കുവായി. ജെസ്സൽ നൽകിയ പല ക്രോസുകളും ബോക്സിനുള്ളിൽ മുതലെടുക്കാൻ സഹതാരങ്ങൾക്കായില്ല. റിത്വിക് ദാസിനും മികച്ച അരങ്ങേറ്റമായിരുന്നു ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ. ​ഗോളി അൽബിനോ ​ഗോമസിന്റെ പ്രകടനത്തിൽ കാര്യമായി ഒന്നും എടുത്തുപറയാനില്ല.

മലയാളി താരം പ്രശാന്ത് വിങ് ബാക്ക് പൊസിഷനിലാണ് ഇറങ്ങിയത്. ലാൽറുവാത്താര ടീമിലുണ്ടായിട്ടും പ്രശാന്തിനെ ആദ്യ ഇലവനിലിറക്കാനായിരുന്ന പരിശീലകന്റെ തീരുമാനം. ഇത് ​ഗുണം ചെയ്തില്ല എന്ന് തന്നെ പറയേണ്ടിവരും. മുൻസീസണുകളിൽ നിന്ന് പ്രശാന്ത് കാര്യമായി മെച്ചപ്പെട്ടിട്ടില്ല. പന്ത് നിയന്ത്രിക്കുന്നതിലും, കൃത്യമായി ക്രോസ് ചെയ്യുന്നതിലും തികഞ്ഞ പരാജയമായിരുന്നു പ്രശാന്ത്.

സഹലിന്റെ ദരുന്തം പ്രകടനമാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ കളിക്കാൻ ആവശ്യത്തിന് സമയം കിട്ടാത്തതുകൊണ്ടാണ് സഹലിന് മികവ് പുറത്തെടുക്കാനാകാതിരുന്നതെന്നാണ് പറയപ്പെട്ടിരുന്നത്. ഇക്കുറി സീസണിലെ ആദ്യ മത്സരത്തിൽ വളരെ മോശം പ്രകടനമാണ് സഹൽ നടത്തിയത്. ​ഗോളടിക്കാനും, ​ഗോളടിപ്പിക്കാനും ലഭിച്ച ഒന്നാന്തരം അവസരങ്ങൾ സഹൽ പാഴാക്കി. അനാവശ്യമായി ഡ്രിബിൾ ചെയ്ത് മുന്നേറാൻ സഹൽ നടത്തിയ ശ്രമങ്ങളെല്ലാം തന്നെ വിപരീതഫലമാണ് ചെയ്തത്.