SHARE

സ്ഥിരതയില്ലാത്ത പ്രതിരോധമായിരുന്നു കഴിഞ്ഞ കുറച്ചു സീസണുകളായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന തലവേദന, കഴിഞ്ഞ 3 സീസണുകളിൽ നിന്ന് മാത്രമായി ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 84 ഗോളുകളാണ്. ശക്തമായൊരു ടീമിനെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി എത്തിയ സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസിനും, കോച്ച് കിബു വിക്കുനയ്ക്കും മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി ഡിഫൻസ് തന്നെയായിരുന്നു. ഐ എസ് എല്ലിന്റെ തുടക്കം മുതൽ ക്ലബ്ബിന്റെ പ്രതിരോധത്തിലെ ആണിക്കല്ലായി നിന്ന സന്ദേശ് ജിങ്കൻ ക്ലബ്‌ വിട്ടതോടെ 2 മികച്ച സെന്റർ ബാക്കുകളെ എത്തിക്കുക എന്നത് ടീമിന്റെ അടിസ്ഥാന ആവശ്യമായി മാറി.

ജെസ്സെലിനും, ലാൽറുവാതാരയ്ക്കും പുറമെ ബെംഗളൂരുവിൽ നിന്ന് നിഷു കുമാറിനെ കൂടി എത്തിച്ചതോടെ വിംഗ് ബാക്കിലെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താൻ ടീമിനായി. ജംഷഡ്‌പൂരിൽ നിന്ന് സ്പാനിഷ് സെന്റർ ബാക്ക് ടിരിയെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമം അവസാനനിമിഷം പരാജയപ്പോൾ ആരാധകർക്കിടയിലും ആശങ്കകൾ വർധിച്ചു, എന്നാൽ എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ 2 വിദേശ സെന്റർ ബാക്ക് സൈനിംഗുകൾ എത്തിയത്.

യൂറോപ്യൻ ഫുട്ബാളിന്റെ ഉയർന്ന തലങ്ങളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള രണ്ട് ആഫ്രിക്കൻ താരങ്ങൾ. ചെക്ക് വമ്പന്മാരായ സ്പാർട്ട പ്രാഗിൽ നിന്ന് എത്തിയ സിംബാബ്വേ താരം കോസ്റ്റ നമൊയിൻസു, ബുക്കിനാബെ ദേശിയ താരവും മുൻ ലിയോൺ, മലാഗ താരവുമായ ബക്കറി കോനെ. ശാരീരികമായി വളരെ കരുത്തരായ, ഏതൊരു ഇന്ത്യൻ ക്ലബ്ബും ആഗ്രഹിക്കുന്ന പ്രൊഫൈൽ ഉള്ള രണ്ട് താരങ്ങൾ. ഇവരിൽ കോസ്റ്റയുടെ സൈനിംഗായിരുന്നു ആരാധകരെ കൂടുതൽ ആവേശഭരിതരാക്കിയത്.

34 കാരനായ കോസ്റ്റ കഴിഞ്ഞ 7 വർഷമായി ചെക്ക് റിപ്പബ്ലിക്ക് വമ്പന്മാരായ സ്പാർട്ട പ്രാഗിന്റെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു, യൂറോപ്പിലെ സുപ്രധാന ടൂർണമെന്റുകൾ ആയ ചാമ്പ്യൻസ് ലീഗിലും, യൂറോപ്പ ലീഗിലും അടക്കം സ്പാർട്ടയെ 200 ൽ ഏറെ മത്സരങ്ങളിൽ പ്രതിനിധീകരിച്ച കോസ്റ്റ ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങൾ കളിക്കുന്ന വിദേശ താരം എന്ന നേട്ടവും സ്വന്തം പേരിലാക്കിയിരുന്നു, ഇടക്കാലത്തു ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും വഹിച്ച കോസ്റ്റ ക്ലബ്ബിനെ നയിക്കുന്ന ആദ്യ ആഫ്രിക്കൻ താരം എന്ന നേട്ടവും ഇതിനൊപ്പം സ്വന്തമാക്കി. കഴിഞ്ഞ സീസൺ യൂറോപ്പ ലീഗിൽ കൂടി പന്തുതട്ടിയ ശേഷമാണു കോസ്റ്റ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

ആരാധകർ ഉറ്റുനോക്കിയ താരം തനിക്ക് കിട്ടിയ ഹൈപ്പിനെ നീതീകരിക്കുന്ന പ്രകടനം തന്നെയായിരുന്നു എടികെ മോഹൻ ബഗാനെതിരെ നടന്ന, സീസണിലെ ആദ്യ മത്സരത്തിൽ പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും ആശാവഹമായ പ്രകടനവും കോസ്റ്റ നയിച്ച ഡിഫെൻസ് നിരയുടേതായിരുന്നു എന്ന് നിസംശയം പറയാം. കോസ്റ്റയ്ക്കൊപ്പം കോനേയും, ജെസ്സെലും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കരുത്തരായ ATK മോഹൻ ബഗാൻ പന്ത് മുന്നിലേക്ക് എത്തിക്കാൻ നന്നേ പ്രയാസപ്പെട്ടു, കളിക്കാർക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പം മുതലെടുത്തു റോയ് കൃഷ്ണ നേടിയ ഗോൾ മാറ്റിനിർത്തിയാൽ ATK മുന്നേറ്റനിരയ്ക്ക് മത്സരത്തിൽ കാര്യമായി യാതൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യപകുതിയിൽ സമാനമായ ഒരു സാഹചര്യത്തിൽ പന്ത് തട്ടിയെടുത്തു കുതിച്ച റോയ് കൃഷ്ണയ്ക്ക് തടയിട്ടുകൊണ്ടായിരുന്നു കോസ്റ്റ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള തന്റെ വരവറിയിച്ചത്, ബോക്സിനുള്ളിൽ വളരെ അപകടകരമായ ഒരു പൊസിഷനിൽ നിന്ന് അതിമനോഹമായ ഒരു സ്ലൈഡിങ് ടാക്കിളിലൂടെ കോസ്റ്റ പന്ത് കൃഷ്ണയുടെ കാലിൽ നിന്നും റാഞ്ചിയെടുത്തു.

മത്സരത്തിൽ ഉടനീളം നിറഞ്ഞുനിന്ന കോസ്റ്റ മികച്ച പന്തടക്കവും പാസ്സ് അക്ക്യൂറസിയും പുലർത്തിയിരുന്നു, ATK മിഡ്‌ഫീൽഡ് മുന്നിലേക്ക്‌ നൽകിയ ത്രൂ ബോളുകളിൽ സിംഹഭാഗവും മറ്റാരേക്കാളും മുന്നേ കൈക്കലാക്കാനും അപകടം ഒഴിവാക്കാനും കോസ്റ്റയ്ക്ക് കഴിഞ്ഞു, സെറ്റ് പീസ് സാഹചര്യങ്ങളിൽ ഉയർന്നു ചാടുന്ന കോസ്റ്റയുടെ സാന്നിദ്ധ്യം ബ്ലാസ്റ്റേഴ്‌സ് ബോക്സിൽ ആശ്വാസവും ATK ബോക്സിൽ പലപ്പോഴും ഭീതിയും വിതച്ചിരുന്നു.

മത്സരത്തിൽ ഒരു ഡിഫെൻഡറുടെ ഏറ്റവും മികച്ച കണക്കുകളുമായി ആണ് കോസ്റ്റ തന്റെ ISL അരങ്ങേറ്റം അവസാനിപ്പിച്ചത്, ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറ്റവും ഉയർന്ന പാസ്സ് അക്ക്യൂറസിയും, ഏറ്റവും അധികം ക്ലിയറെൻസുകളും ബ്ലോക്കുകളും കോസ്റ്റയുടെ പേരിലായിരുന്നു. മത്സരത്തിൽ ഏറ്റവും അധികം ടാക്കിളുകൾ നടത്തിയ ഡിഫെൻഡറും മറ്റാരുമായിരുന്നില്ല.

കോവിഡിന്റെ പശ്ചാത്തലത്തിൽ കാര്യമായ പ്രീ സീസൺ ലഭിക്കാത്തതിന്റെ കുറവ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ ഇന്നലെ വ്യക്തമായിരുന്നു. വേണ്ടരീതിയിൽ തയ്യാറെടുപ്പ് നടത്താൻ സാധിക്കാത്തത് കൊണ്ടാവാം മധ്യനിരയിലും മുന്നേറ്റനിരയിലും ഭാവനാസമ്പന്നമായ മുന്നേറ്റങ്ങളും നീക്കങ്ങളും വിരളമായിരുന്നു, മധ്യനിരയ്ക്ക് വ്യക്തമായ ആശയവിനിമയം നടത്താനും, പരസ്പര ധാരണ വച്ചുപുലർത്താനും സാധിക്കാത്തതായി മത്സരത്തിനിടെ പലപ്പോഴും അനുഭവപ്പെട്ടു. എന്നാൽ ലിമിറ്റഡ് പ്രീ സീസന്റെ പരിമിതികളെയെല്ലാം മറികടന്ന് മത്സരത്തിലുടനീളം വേറിട്ടു നിന്ന പ്രതിരോധം പുറത്തെടുത്തത് ബ്ലാസ്റ്റേഴ്‌സിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഡിഫെൻസിവ് പ്രകടനങ്ങളിൽ ഒന്നാണ്‌.

സെന്റർ ബാക്കുകളായ കോസ്റ്റ, കോനേ എന്നിവർക്ക് പുറമെ പലപ്പോഴും പിന്നിലേക്കിറങ്ങി കളിച്ച ഡിഫെൻസിവ് മിഡ് വിസെന്റെ ഗോമസും, ലെഫ്റ്റ് ബാക്ക് ജെസ്സെൽ കാർനെയ്‌റോയും മത്സരത്തിലുടനീളം മികച്ചു നിന്നു. പരിചയസമ്പന്നനായ നിഷു കുമാറിനെ മറികടന്ന് റൈറ്റ് ബാക്ക് ദൗത്യം നേടിയ പ്രശാന്ത് മാത്രമാണ് ഡിഫെൻസിന്റെ നിലവാരത്തിലേക്ക് ഉയരാതെ പോയത്. നിഷു കൂടി ഡിഫെൻസിലേക്ക് എത്തുമ്പോൾ ഏതൊരു ടീമിനും വെല്ലുവിളി ഉയർത്താൻ പോന്ന ഒന്നായി ബ്ലാസ്റ്റേഴ്‌സ് ഡിഫൻസ് മാറും എന്നുള്ളത് അടിവര ഇട്ട് ചേർക്കാൻ കോസ്റ്റയ്ക്കും കൂട്ടർക്കും പരാജയത്തിലും ഇന്നലത്തെ പ്രകടനത്തിലൂടെ സാധിച്ചിട്ടുണ്ട്. ആരാധകർ ഒരുപാട് പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്ത്‌ പരിചയസമ്പന്നരായ ഈ പ്രതിരോധ നിരയും ടീം ക്യാപ്റ്റൻമാരിൽ ഒരാൾ കൂടിയായ കോസ്റ്റയും ആയിരിക്കും എന്ന് നമുക്ക് നിസംശയം പറയാം.