SHARE

ബ്രസീലിയൻ സൂപ്പർതാരം ഫിലിപ്പെ കുട്ടീന്യോയെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിൽ നിന്ന് ബാഴ്സലോണയിലേക്ക് മടക്കിയയച്ചേക്കും. ബാഴ്സയിൽ നിന്ന് ഇപ്പോൾ ലോണിൽ കളിക്കുന്ന താരത്തിൽ ബയേൺ തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ.

ഈ സീസൺ തുടക്കത്തിലാണ് കുട്ടീന്യോ ബയേണിലെത്തുന്നത്. തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് തോമസ് മുള്ളർ ടീമിൽ സ്ഥാനം നിലനിർത്തിയതോടെ കൂട്ടീന്യോയുടെ അവസരം കുറഞ്ഞു. കിട്ടിയ അവസരങ്ങളിൽ നടത്തിയ പ്രകടനങ്ങളിൽ ക്ലബിന് തൃപ്തിയും പോരാ. ഈ സാഹചര്യത്തിലാണ് വായ്പാ കാലവധി കഴിയുന്നതോടെ കുട്ടീന്യോയെ ബാഴ്സയിലേക്ക് തിരിച്ചയക്കാൻ ബയേൺ നീങ്ങുന്നതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോണിലെത്തിച്ചതാണെങ്കിലും പിന്നീട് സ്ഥിരമായി കുട്ടീന്യോയെ സ്വന്തമാക്കാൻ ബയേണിന് അവസരമുണ്ട്. എന്നാൽ അതിന് ക്ലബ് ഒരുക്കമല്ലെന്നാണ് വാർത്തകൾ വരുന്നത്.

ലിവർപൂളിൽ മിന്നുന്ന ഫോമിൽ കളിക്കവെയാണ് 2018 തുടക്കത്തിൽ കൂട്ടീന്യോ സ്വപ്നക്ലബായ ബാഴ്സയിലെത്തുന്നത്. എന്നാൽ ബാഴ്സലോണയിൽ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ കൂട്ടീന്യോയ്ക്കായില്ല. പിന്നാലെ ഈ സീസണിൽ അന്റോയിൻ ​ഗ്രീസ്മെൻ കൂടി എത്തിയതോടെയാണ് ബാഴ്സ കൂട്ടീന്യോയെ ലോണിൽ വിട്ടത്.