SHARE

പരുക്കേറ്റ സൂപ്പർതാരങ്ങളായ ഫിലിപ്പ് കുട്ടീന്യോയേയും ഫാബീന്യോയേയും ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൽക്കുള്ള ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കി. അടുത്ത മാസം വെനസ്വേല, യുറു​ഗ്വെ എന്നിവർക്കെതിരായി നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ നിന്നാണ് സൂപ്പർതാരങ്ങളെ ഒഴിവാക്കിയത്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ഇക്കാര്യം അറിയിച്ചു.

ബാഴ്സലോണ താരമായ കുട്ടീന്യോക്ക് കഴിഞ്ഞ ദിവസത്തെ എൽ ക്ലാസിക്കോയ്ക്കിടെയാണ് പരുക്കേറ്റത്. ഇടതുകാലിനാണ് കുട്ടീന്യോയ്ക്ക് പരുക്കേറ്റത്. ഇതോടെ യുവന്റസിനെതിരായ ഇന്നലത്തെ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിൽ കുട്ടീന്യോ കളിച്ചിരുന്നില്ല. ലിവർപൂൾ താരമായ ഫാബീന്യോയ്ക്ക് മിഡ്റ്റൈലാൻഡിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെ വലതുകാലിനാണ് പരുക്കേറ്റത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫാബീന്യോയ്ക്ക് കുറച്ചുനാൾ പുറത്തിരിക്കേണ്ടിവരും.

കുട്ടീന്യോയ്ക്ക് പകരമായി ഒളിംപിക് ലിയോൺ താരം ലൂക്കാസ് പക്വേറ്റയേയും ഫാബീന്യോയ്ക്ക് പകരം എവർട്ടന്റെ അലനേയും ബ്രസീൽ സ്ക്വാഡിൽ ഉൾപ്പെടുത്തി. അതേസമയം തന്നെ കഴിഞ്ഞ ദിവസം പരുക്കേറ്റ നെയ്മറും, കോവിഡ് ബാധിച്ച അലക്സ് ടെല്ലസും മിക്കവാറും ബ്രസീൽ ടീമിൽ നിന്ന് ഒഴിവായേക്കുമെന്നും സൂചനകളുണ്ട്.